Uae
ഏറ്റവും ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്ന സംരംഭകരുള്ള രാജ്യം യു എ ഇ
യു എ ഇയില്‍ 98 ശതമാനം സംരംഭകരും സ്വന്തം ബിസിനസുകള്‍ അഭിവൃദ്ധിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ദുബൈ| ആഗോളതലത്തില്‍ ഏറ്റവും ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്ന സംരംഭകരുള്ള രാജ്യമായി യു എ ഇ. എന്നാല്‍ പിന്തുടര്‍ച്ച പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്ന് എച്ച് എസ് ബി സി നടത്തിയ ഒരു പുതിയ സര്‍വേ ഫലം കാണിക്കുന്നു. യു എ ഇയില്‍ 98 ശതമാനം സംരംഭകരും സ്വന്തം ബിസിനസുകള്‍ അഭിവൃദ്ധിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സ്വകാര്യ സ്വത്ത്, അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്ന് കരുതുന്നവര്‍ 95 ശതമാനം. സര്‍വേയില്‍ പങ്കെടുത്ത രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ശതമാനമാണിത്. 54 ശതമാനം പേര്‍ ‘ഒരുപാട് മെച്ചപ്പെടും’ എന്ന് കരുതുന്നു. 41 ശതമാനം പേര്‍ ‘കുറച്ച് മെച്ചപ്പെടും’ എന്നും വിശ്വസിക്കുന്നു. മോശമാകുമെന്ന് ആരും പറയുന്നില്ല.
ചൈന, ഫ്രാന്‍സ്, ഹോങ്കോങ്, ഇന്ത്യ, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, തായ്്വാന്‍, യു എ ഇ, യുകെ, യു എസ് എന്നീ 10 രാജ്യങ്ങളിലായി രണ്ടായിരത്തോളം സംരംഭകരെയാണ് അഭിമുഖം നടത്തിയത്. നിക്ഷേപ പോര്‍ട്ട്ഫോളിയോ പ്രകടനം, ബിസിനസ്സ് അവസരങ്ങള്‍, സ്വന്തം കഴിവുകളിലെ ആത്മവിശ്വാസം, സാങ്കേതിക പുരോഗതി, ബിസിനസിന്റെ വൈവിധ്യവത്കരണം എന്നിവയിലൂടെ സംരംഭകരുടെ ശുഭാപ്തിവിശ്വാസം അളന്നു. യു എ ഇ സംരംഭകര്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിനും പുനര്‍നിക്ഷേപത്തിനും മുന്‍ഗണന നല്‍കി യാത്ര, സുഖസൗകര്യങ്ങള്‍, ആഡംബര ജീവിതശൈലി എന്നിവയെ വിലമതിക്കുന്നുവെന്ന് എച്ച് എസ് ബി സി ബേങ്ക് മിഡില്‍ ഈസ്റ്റിലെ ആഗോള സ്വകാര്യ ബേങ്കിംഗ് മേധാവി ഫര്‍സാദ് ബില്ലിമോറിയ പറഞ്ഞു.
ശക്തമായ സാമ്പത്തിക വളര്‍ച്ചക്കും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി നടപ്പാക്കിയ നയ പരിഷ്‌കാരങ്ങള്‍ക്കും മിക്കവരും യു എ ഇ ഭരണകൂടത്തോട് നന്ദി പറഞ്ഞു. യു എ ഇ അതിവേഗം സമ്പന്നരുടെ കേന്ദ്രമായി മാറിയിരിക്കുന്നു. നിക്ഷേപ മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ അഭിപ്രായത്തില്‍, 6,700-ലധികം കോടീശ്വരന്മാരെ ആകര്‍ഷിച്ച് 2024-ല്‍ ആഗോളതലത്തില്‍ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ മുന്‍നിര ലക്ഷ്യസ്ഥാനമായി യു എ ഇ റാങ്ക് ചെയ്യപ്പെട്ടു.
72,273 കോടീശ്വരന്മാര്‍ ദുബൈയില്‍ ഉണ്ടെന്ന് ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ കഴിഞ്ഞ വര്‍ഷത്തെ ബ്രിക്‌സ് വെല്‍ത്ത് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2024 അവസാനത്തോടെ യു എ ഇ കൂടുതലായി 4,500 കോടീശ്വരന്മാരെ ആകര്‍ഷിക്കുമെന്ന് ഹെന്‍ലി ഡാറ്റ പ്രവചിക്കുന്നു.സഊദി അറേബ്യയുടെ 10.4 ശതമാനത്തേക്കാള്‍ 18.1 ശതമാനം വര്‍ധനയാണ് യു എ ഇ ആസ്വദിച്ചത്. നൈറ്റ് ഫ്രാങ്കിന്റെ വെല്‍ത്ത് റിപ്പോര്‍ട്ട് 2024 അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, യു എ ഇയിലെ സമ്പന്നരായ ബിസിനസുകാരില്‍ പകുതിയോളം പേര്‍ക്കും വിശ്വസിക്കാവുന്ന ഒരു പിന്‍ഗാമിയോ സമ്പത്ത് കൈമാറ്റ പദ്ധതിയോ നിലവിലില്ല.