Connect with us

Uae

ഗസ്സയിലും ലബനാനിലും ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് യു എ ഇയും ജോര്‍ദാനും

അബൂദബിയില്‍ ഉന്നതതല ചര്‍ച്ചയിലാണ് അടിയന്തരമായി വെടിനിര്‍ത്താന്‍ ആഹ്വാനം ചെയ്തത്

Published

|

Last Updated

അബൂദബി|ഗസ്സയിലും ലബനാനിലും ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാനും ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രാജാവും ആവശ്യപ്പെട്ടു. അബൂദബിയില്‍ ഉന്നതതല ചര്‍ച്ചയിലാണ് അടിയന്തരമായി വെടിനിര്‍ത്താന്‍ ആഹ്വാനം ചെയ്തത്. പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ പലായനം ചെയ്തു. ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കണം. നിര്‍ണായകമായ മാനുഷിക സഹായം നല്‍കണം. ലബനാന്റെ ഐക്യം, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയെ പിന്തുണക്കുന്നു. യു എ ഇയുടെയും ജോര്‍ദാനിന്റെയും നിലപാട് അചഞ്ചലമാണ്. ഭരണാധികാരികള്‍ ചൂണ്ടിക്കാട്ടി.

2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സയില്‍ 43,985 പേരും ലബനാനില്‍ 3,516 പേരും കൊല്ലപ്പെട്ടു. യു എ ഇയും ജോര്‍ദാനും സമാധാനപരമായ പരിഹാരത്തിന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. അതേസമയം ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യ സഹായം നല്‍കുന്നു. മേഖലയിലുടനീളം സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാന്‍ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കേണ്ടത് നിര്‍ണായകമാണെന്ന് ശൈഖ് മുഹമ്മദും അബ്ദുല്ല രാജാവും പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി നീതിയും സമഗ്രവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള വ്യക്തമായ പാത സ്ഥാപിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു.

അല്‍ ബത്തീന്‍ എയര്‍പോര്‍ട്ടില്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് നേരിട്ടെത്തി രാജാവിനെ സ്വീകരിച്ചു. എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയര്‍മാന്‍ ഖല്‍ദൂന്‍ അല്‍ മുബാറക്കും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ജോര്‍ദാന്‍ പ്രധാനമന്ത്രി ഡോ. ജാഫര്‍ ഹസ്സനും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മന്‍ സഫാദിയും അബ്ദുല്ല രാജാവിനൊപ്പം എത്തി.

 

 

 

Latest