Uae
യു എ ഇ എണ്ണയിതര വ്യാപാരം റെക്കോർഡ് ഭേദിച്ചു
അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി യു എ ഇ മാറി.

ദുബൈ| യു എ ഇയുടെ എണ്ണയിതര വിദേശ വ്യാപാരം കഴിഞ്ഞ വർഷം റെക്കോർഡ് നേട്ടം കൈവരിച്ചതായി വിലയിരുത്തൽ. വ്യാപാര മൂല്യം മൂന്ന് ലക്ഷം കോടി ദിർഹത്തിലെത്തിയിട്ടുണ്ട്. വർഷം തോറും 14.6 ശതമാനം വർധനവാണ് കാണിക്കുന്നത്. അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്്വ്യവസ്ഥയായി യു എ ഇ മാറി. സാങ്കേതികവിദ്യ, ഉത്പാദനം, ടൂറിസം, വ്യാപാരം, നവീകരണം തുടങ്ങിയ മേഖലകൾ വികസിച്ചു. എണ്ണയിൽ നിന്ന് അകന്ന് സമ്പദ്്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ ഫലമാണിത്. കൂടുതൽ പ്രതിഭകളെ ആകർഷിക്കുന്നതിനായി ദീർഘകാല താമസ വിസകളും പുതിയ വിസ വിഭാഗങ്ങളും ഉൾപ്പെടെ നിരവധി പരിഷ്‌കാരങ്ങൾ രാജ്യം അവതരിപ്പിച്ചു. ഇതും നേട്ടമായതായി, സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു
രാജ്യത്തിന്റെ സമ്പദ്്വ്യവസ്ഥ കഴിഞ്ഞ വർഷം നാല് ശതമാനം വളർച്ച കൈവരിക്കുമെന്ന് പറഞ്ഞിരുന്നു. ജൂണിൽ ഇത് 3.9 ശതമാനമായിരുന്നു. എണ്ണ ഇതര മേഖലയിൽ നിന്നുള്ള വരുമാനത്തിന്റെ പിൻബലത്തിൽ ലക്ഷ്യം മറികടന്നു. ആഗോള വ്യാപാര പങ്കാളികളുമായി രാജ്യം ഒപ്പുവെച്ച സാമ്പത്തിക കരാറുകളും വളർച്ചയെ പിന്തുണച്ചു.