Uae
യു എ ഇ ഔദ്യോഗിക ദേശീയ ദിനാഘോഷങ്ങള്‍ അല്‍ ഐനില്‍
അല്‍ ഐനിലെ 'ഈദ് അല്‍ ഇത്തിഹാദില്‍' ഭരണാധികാരികള്‍ പങ്കെടുക്കും.
അല്‍ ഐന്‍| ഈ വര്‍ഷം യു എ ഇ ഔദ്യോഗിക ദേശീയ ദിനാഘോഷങ്ങള്‍ക്ക് അല്‍ ഐന്‍ ആതിഥ്യമരുളുമെന്ന് സംഘാടക സമിതി അറിയിച്ചു. അല്‍ ഐനിലെ ‘ഈദ് അല്‍ ഇത്തിഹാദില്‍’ ഭരണാധികാരികള്‍ പങ്കെടുക്കും. പ്രകൃതിരമണീയതക്ക് നടുവിലാണ് ഔദ്യോഗിക ചടങ്ങ് നടക്കുക. യു എ ഇയിലുടനീളം ഡിസംബര്‍ രണ്ടിന് ദേശീയ ദിന അവധി ആയിരിക്കും. ആഘോഷങ്ങള്‍ പ്രാദേശിക ടിവി ചാനലുകളിലും സിനിമാശാലകളിലും തിരഞ്ഞെടുത്ത പൊതു ഇടങ്ങളിലും തത്സമയം കാണാനാവും. എമിറേറ്റുകളില്‍ കാണാവുന്ന പൊതു സ്ഥലങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിന്, എമിറേറ്റ്സ് ഭരണാധികാരികള്‍ സമ്മേളിക്കുന്നത് സാധാരണമാണ്. എക്‌സ്‌പോ സിറ്റി, അബൂദബി നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍, ഹത്ത ഡാം, അല്‍ ജുബൈല്‍ മാംഗ്രോവ് പാര്‍ക്ക്, സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയം തുടങ്ങിയ വേദികളില്‍ നേരത്തെ സമ്മേളനം നടന്നിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രപരമായ പ്രാധാന്യമാണ് അല്‍ ഐനിനുള്ളതെന്ന് സംഘാടക സമിതിയുടെ കമ്മ്യൂണിക്കേഷന്‍സ് മേധാവി അഇശ അല്‍ നുഐമി പറഞ്ഞു. സുസ്ഥിരതയോടുള്ള യു എ ഇയുടെ പ്രതിബദ്ധത പ്രകടമാക്കുന്ന പ്രകൃതിയും പൈതൃകവും തടസ്സങ്ങളില്ലാതെ ഇഴചേരുന്ന നഗരമാണിത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള, പാരമ്പര്യങ്ങളില്‍ വേരൂന്നിയ, അതിന്റെ പ്രകൃതി പരിസ്ഥിതിയും ചരിത്ര ശേഷിപ്പുകളും ഇമാറാത്തി പൈതൃകത്തിന്റെ നിധികളാണ്.
ആധുനിക സുസ്ഥിരത സംരംഭങ്ങളുമായി സംയോജിപ്പിച്ച്, ഭാവി തലമുറയെ പ്രചോദിപ്പിക്കുന്നതിനായി നഗരം പുരോഗതി സ്വീകരിക്കുന്നു. പ്രകൃതി സൗന്ദര്യം സംരക്ഷിക്കപ്പെട്ട സ്ഥലമാണിത്. പാരിസ്ഥിതിക സന്തുലിതത്വ നിര്‍വഹണത്തിന്റെ ഒരു വിളക്കുമാടമായി ഇത് രൂപാന്തരപ്പെട്ടു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്്യാന്‍ ആദ്യം ഭരണമേറ്റെടുത്ത പ്രദേശമാണ്. സമൃദ്ധമായ മരുപ്പച്ചകള്‍ക്കും പുരാതന അഫ്ലാജ് ജലസേചന സംവിധാനങ്ങള്‍ക്കും ഇടയില്‍ ഒരു കാര്‍ഷിക കേന്ദ്രമായി അറിയപ്പെടുന്നു. ഈ ഉദ്യാന നഗരം യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അംഗീകാരം അതിന്റെ പാരിസ്ഥിതികവും ചരിത്രപരവുമായ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടുന്നു. 4,000 വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന പൈതൃകമാണ് ഇവിടത്തേതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. യു എ ഇയുടെ യാത്രയെയും സ്ഥാപക പിതാക്കന്മാരുടെ പൈതൃകത്തെയും ആദരിക്കുന്ന നൂതനമായ കഥപറച്ചില്‍ സംവിധാനങ്ങള്‍ ഷോയില്‍ അവതരിപ്പിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.