Uae
യു എ ഇ പാസ്പോർട് ശക്തിപ്പെടൽ; കൂടുതൽ രാജ്യങ്ങളിൽ വിസ രഹിത പ്രവേശം
ഹെൻലി അൻഡ് പാർട്ണേഴ്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം, 2025-ൽ 185 രാജ്യങ്ങളിൽ വിസ രഹിത പ്രവേശമോ വിസ ഓൺ അറൈവലോ സൗകര്യം ലഭിക്കും.
ദുബൈ| യു എ ഇ ലോകത്തെ ശക്തമായ പാസ്പോർട് രാജ്യങ്ങളുടെ കൂട്ടത്തിൽ ആ യതോടെ പൗരന്മാർക്ക് കൂടുതൽ ദേശങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാനാകും. ഹെൻലി അൻഡ് പാർട്ണേഴ്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം, 2025-ൽ 185 രാജ്യങ്ങളിൽ വിസ രഹിത പ്രവേശമോ വിസ ഓൺ അറൈവലോ സൗകര്യം ലഭിക്കും. ലോകത്തിലെ ഏറ്റവും ശക്തമായ പത്ത് പാസ്‌പോർട്ടുകളിൽ യു എ ഇ പാസ്‌പോർട്ടും ഇടംനേടി. കഴിഞ്ഞ വർഷത്തേക്കാൾ ഒരു സ്ഥാനം ഉയർന്നാണിത്.
2022ലും 2023ലും 15ാം സ്ഥാനത്ത് ആയിരുന്നു. 2024ൽ 11ാം സ്ഥാനത്തേക്കും 2025ൽ പത്താം സ്ഥാനത്തേക്കും ഉയർന്നു. ലാത്വിയ, ലിത്വാനിയ, സ്ലോവേനിയ എന്നിവയും യു എ ഇയോടൊപ്പം പത്താം സ്ഥാനത്തെത്തി. യു എ ഇ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ കാനഡ, ചൈന, ഡെൻമാർക്ക്, ഫിൻലാൻഡ്, ജർമനി, ഗ്രീസ്, ജപ്പാൻ, മാലിദ്വീപ്, മൗറീഷ്യസ്, മൊറോക്കോ, ന്യൂസിലാൻഡ്, നോർവേ, സിംഗപ്പൂർ, സ്പെയിൻ, സ്വിറ്റ്സർലൻഡ്, തായ്‌ലാൻഡ്, തുർക്കി, യു കെ തുടങ്ങിയ രാജ്യങ്ങളിൽ എത്താം.
മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഖത്വർ 47ാം സ്ഥാനത്തും കുവൈത്ത് 50ാം സ്ഥാനത്തും ബഹ്‌റൈൻ, സഊദി അറേബ്യ എന്നിവ 58ാം സ്ഥാനത്തും ഒമാൻ 59ാം സ്ഥാനത്തും നിൽക്കുന്നു. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അതോറിറ്റി (ഐ എ ടി എ) നൽകിയ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് റാങ്കിംഗ്. സൂചികയിൽ 199 വ്യത്യസ്ത പാസ്‌പോർട്ടുകളും 227 വ്യത്യസ്ത യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉൾപ്പെടുന്നു.
ആഗോളതലത്തിൽ, 195 വിസയില്ലാതെ രാജ്യങ്ങളുമായി സിംഗപ്പൂരിന്റെ പാസ്‌പോർട്ട് ഏറ്റവും ശക്തമായി. 2024 ൽ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സ്‌പെയിൻ എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകളും ഏറ്റവും ശക്തമായ റാങ്കിംഗിൽ ഇടം നേടിയിരുന്നു. എന്നാൽ ഈ വർഷം അവയെല്ലാം ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെട്ടു. 2025-ൽ ജപ്പാൻ രണ്ടാം സ്ഥാനത്തെത്തി. ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ദക്ഷിണ കൊറിയ, സ്പെയിൻ എന്നിവ 192 വിസ രഹിത ലക്ഷ്യസ്ഥാനങ്ങളുമായി മൂന്നാം സ്ഥാനത്തെത്തി.