Ongoing News
എക്‌സ്‌പോ 2025ൽ യു എ ഇ പവലിയൻ ഒരുങ്ങുന്നു; എർത്ത് ടു ഈതർ പ്രമേയം
"എർത്ത് ടു ഈതർ' എന്ന തീമിൽ പ്രവർത്തിക്കുന്ന പവലിയൻ നവീനത, ഭാവന, പര്യവേഷണം എന്നിവയിലൂടെയുള്ള യു എ ഇയുടെ ഭാവിയാത്രയെ പ്രദർശിപ്പിക്കും.

അബൂദബി | ഒസാക്കയിൽ ഏപ്രിൽ 13 മുതൽ ഒക്ടോബർ 13 വരെ നടക്കുന്ന എക്‌സ്‌പോ 2025ന് യു എ ഇ ഒരുങ്ങി.യു എ ഇ ഇവിടെ വിശാലമായ പവലിയൻ ഒരുക്കിയിട്ടുണ്ട്. ഇമാറാത്തി പാരമ്പര്യങ്ങൾ ആഘോഷിക്കുകയും ഭാവിയിലേക്കുള്ള ധീരമായ കാഴ്ചപ്പാട് പ്രദർശിപ്പിക്കുകയും ചെയ്യുന്നതാവും യു എ ഇയുടെ എക്‌സ്‌പോ പ്രവർത്തനങ്ങൾ.
“എർത്ത് ടു ഈതർ’ എന്ന തീമിൽ പ്രവർത്തിക്കുന്ന പവലിയൻ നവീനത, ഭാവന, പര്യവേഷണം എന്നിവയിലൂടെയുള്ള യു എ ഇയുടെ ഭാവിയാത്രയെ പ്രദർശിപ്പിക്കും. ബഹിരാകാശ മേഖല, സുസ്ഥിരത, ആരോഗ്യ സംരക്ഷണം എന്നിവയിലെ രാജ്യത്തിന്റെ പ്രവർത്തനങ്ങൾ വിവരിക്കും. 40-ലധികം പരിപാടികൾ നടക്കും. പരമ്പരാഗത എമിറാത്തി ഭക്ഷണം ലഭ്യമാകുന്ന ഒരു റെസ്റ്റോറന്റും ഇവിടെ ഉണ്ടാകും.
ജപ്പാനും യു എ ഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധവും, നവീനത, വിദ്യാഭ്യാസം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണവും ഇവിടെ പ്രകടമാണ് എന്ന് മന്ത്രി നൂറ അൽ കഅബി പറഞ്ഞു.
എക്‌സ്‌പോയുടെ പ്രധാന ആകർഷണമായ രണ്ട് കിലോമീറ്റർ ചുറ്റളവുള്ള “ഗ്രാൻഡ് റിംഗ്’ എന്ന തടികൊണ്ടുള്ള വാസ്തുവിദ്യാ സൃഷ്ടി ഒസാക്കയിലെ മനുഷ്യ നിർമിത ദ്വീപിലാണ് യു എ ഇ പവലിയൻ. 28 ദശലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്ന എക്‌സ്‌പോയിൽ യു എ ഇയിലെയും ജപ്പാനിലയും യുവാക്കൾ അംബാസഡർമാരായി സന്ദർശകരെ സ്വാഗതം ചെയ്യും.
അറബിക്, ജാപ്പനീസ്, ഇംഗ്ലീഷ്, ടാഗലോഗ്, ഫ്രഞ്ച് എന്നിവയുൾപ്പെടെ ഏഴ് ഭാഷകൾ സംസാരിക്കുന്ന 24 ഇമാറാത്തികൾ, 20 ജാപ്പനീസുകാർ, മറ്റ് രണ്ട് രാജ്യങ്ങളിൽ നിന്നുള്ള രണ്ട് യുവാക്കൾ എന്നിവരടങ്ങുന്നതാണ് ഈ ടീം എന്ന് യു എ ഇയുടെ ജപ്പാനിലെ അംബാസഡർ ശിഹാബ് അൽ ഫഹീം പറഞ്ഞു.