National
യു എ ഇ പ്രസിഡന്റ് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ സംബന്ധിച്ചു
ഗാന്ധിനഗറിൽ നടന്ന സമ്മിറ്റിന്റെ പത്താമത് സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹമെത്തിയത്.
അഹമ്മദാബാദ് | വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പങ്കെടുത്തു. ഗാന്ധിനഗറിൽ നടന്ന സമ്മിറ്റിന്റെ പത്താമത് സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹമെത്തിയത്. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി നേതാക്കളും ബിസിനസ്സ്, സാമ്പത്തിക രംഗത്തെ പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞുകൊണ്ടാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉച്ചകോടിക്കിടയിൽ പ്രസംഗമാരംഭിച്ചത്. വികസനത്തെയും സാമ്പത്തിക രംഗത്തെയും നിക്ഷേപത്തെയും കുറിച്ചുള്ള അനുഭവങ്ങളും വിവരങ്ങളും കൈമാറ്റം ചെയ്യുന്നതിനുള്ള വേദി എന്ന നിലയിൽ സമ്മിറ്റ് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ സന്തോഷിപ്പിക്കുന്നതും രാജ്യങ്ങളെ വികസിപ്പിക്കുന്നതും എന്താണെന്ന് ഒരുമിച്ച് ചർച്ച ചെയ്യുന്നതിനായി ഈ ഉച്ചകോടിയിൽ ഇന്ത്യയിലെയും ലോകത്തെയും സുഹൃത്തുക്കളോടൊപ്പം പങ്കെടുക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റിനെ അനുഗമിക്കുന്ന പ്രതിനിധി സംഘവും ഉച്ചകോടിയിൽ പങ്കെടുത്തു. അബൂദബി ഉപ ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ്, പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, നിക്ഷേപ മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, വിദേശ വ്യാപാര സഹമന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി, നിരവധി രാജകുടുബാംഗങ്ങൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഇന്ത്യൻ തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ മേഖലയിൽ യു എ ഇ ഗണ്യമായ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പറഞ്ഞു. യുഎഇ കമ്പനികളുമായി കോടിക്കണക്കിന് ഡോളറിന്റെ കരാറുകൾ ഒപ്പുവെച്ചു. ഈ കരാറുകൾ ഇന്ത്യയുടെ സമുദ്രമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. രാജ്യത്തിന്റെ ആഗോള വ്യാപാര ബന്ധം മെച്ചപ്പെടുത്തുകയും സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുകയാണ് ചെയ്യും. അദ്ദേഹം പറഞ്ഞു.
സന്ദർശനം പൂർത്തിയാക്കി ശൈഖ് മുഹമ്മദ് യു എ ഇയിലേക്ക് മടങ്ങി.