Connect with us

Uae

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ളവരെ ആദരിച്ച് യു എ ഇ പ്രസിഡന്റ്

ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് യു എ ഇയുടേത് എന്നും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ പൗരന്റെയും കടമയാണെന്നും ശൈഖ് മുഹമ്മദ്.

Published

|

Last Updated

അബൂദബി | ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യസ്‌നേഹികളെയും സന്നദ്ധപ്രവര്‍ത്തകരെയും റമസാന്‍ വേളയില്‍ ആദരിച്ച് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. അബൂദബി അല്‍ ബത്തീന്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ യു എ ഇയുടെ ഭാവി സുസ്ഥിരതാ പദ്ധതികള്‍, ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യസുരക്ഷ, കൃഷി, ഊര്‍ജം, സാമ്പത്തിക മേഖലയിലെ മികച്ച മുന്നേറ്റങ്ങള്‍, നദീ സംരക്ഷണം ഉള്‍പ്പെടെ ചര്‍ച്ചയായി.

മനുഷ്യസ്‌നേഹത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ മുന്നോട്ടുവച്ച മാര്‍ഗദര്‍ശനങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. യു എ ഇയുടെ ഗ്ലോബല്‍ ഹ്യുമാനിറ്റേറിയന്‍ കാഴ്ചപ്പാടിന് കൂടുതല്‍ ഊര്‍ജം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് യു എ ഇയുടേത് എന്നും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ പൗരന്റെയും കടമയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

സായിദ് ചാരിറ്റബിള്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍, ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍, എമിറേറ്റ്‌സ് ഫൗണ്ടേഷന്‍, മുഹമ്മദ് ബിന്‍ സായിദ് സ്പീഷിസ് കണ്‍സര്‍വേഷന്‍ ഫണ്ട് തുടങ്ങി ആരോഗ്യ, വിദ്യാഭ്യാസ, സുസ്ഥിരത, ഭക്ഷ്യസുരക്ഷ, ഊര്‍ജം, സാമ്പത്തികം, കൃഷി മേഖലയിലെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനാ അംഗങ്ങള്‍, എര്‍ത്ത് സായിദ് ഫിലാന്ത്രോപ്പീസ്, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു. യു എ ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി, ഉമ്മല്‍ ഖുവൈന്‍ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ റാഷിദ് അല്‍ മുഅല്ല, അഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ എന്നിവരും സംബന്ധിച്ചു.

 

Latest