Uae
സംരംഭകത്വത്തിൽ യു എ ഇ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത്
സ്റ്റാർട്ടപ്പുകൾക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും മികച്ച അന്തരീക്ഷം ഒരുക്കുന്നതിൽ രാജ്യം മുന്നിലാണ്.

ദുബൈ| യു എ ഇ ഗ്ലോബൽ എന്റർപ്രണർഷിപ്പ് മോണിറ്റർ (ജെ ഇ എം) റിപ്പോർട്ടിൽ തുടർച്ചയായി നാലാം വർഷവും ഒന്നാം സ്ഥാനം നേടി. സംരംഭകത്വത്തിനും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എസ് എം ഇ) ലോകത്തിലെ ഏറ്റവും മികച്ച അന്തരീക്ഷമെന്ന സ്ഥാനമാണ് യു എ ഇ വീണ്ടും ഉറപ്പിച്ചത്. ഈ വർഷത്തെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് 55 സമ്പദ്്വ്യവസ്ഥകളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചാണ് യു എ ഇ മുന്നേറ്റം നടത്തിയത്.
സ്റ്റാർട്ടപ്പുകൾക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും മികച്ച അന്തരീക്ഷം ഒരുക്കുന്നതിൽ രാജ്യം മുന്നിലാണ്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾക്കിടയിൽ 13 പ്രധാന സൂചകങ്ങളിൽ 11 എണ്ണത്തിലും മികവ് പുലർത്തി.
സംരംഭക ധനസഹായം, മൂലധനത്തിലേക്കുള്ള എളുപ്പമുള്ള പ്രവേശനം, സർക്കാർ നയങ്ങൾ, അനുകൂലമായ നികുതി-നിയന്ത്രണ ചട്ടക്കൂടുകൾ, വിദ്യാഭ്യാസത്തിലെ സംരംഭകത്വ സംയോജനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സംരംഭക ആവാസവ്യവസ്ഥ സൃഷ്ടിക്കാനുള്ള യു എ ഇയുടെ പ്രതിബദ്ധതയും ദർശനാത്മക നേതൃത്വവും റിപ്പോർട്ട് എടുത്തുകാണിക്കുന്നുവെന്ന് സംരംഭകത്വ സഹമന്ത്രി ആലിയ അബ്ദുല്ല അൽ മസ്റൂഇ പറഞ്ഞു. നവീകരണം, നിക്ഷേപം, ബിസിനസ് വളർച്ച എന്നിവക്കുള്ള ആഗോള കേന്ദ്രമാകാനുള്ള 2031-ലെ “നമ്മൾ യു എ ഇ’ എന്ന ദർശനത്തിന്റെ ലക്ഷ്യവുമായി ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു. ബിസിനസ് അനുകൂല അടിസ്ഥാന സൗകര്യങ്ങൾ, വിപണി പ്രവേശനം ഗവേഷണ-വികസന ഫലങ്ങളുടെ കൈമാറ്റം എന്നിവയിലൂടെ ഈ വിജയം കൈവരിച്ചു.
“50 പദ്ധതികൾ’ സംരംഭത്തിന് കീഴിൽ 8.7 ബില്യൺ ഡോളറിന്റെ നിക്ഷേപത്തോടെ, അടുത്ത ദശകത്തിനുള്ളിൽ സ്റ്റാർട്ടപ്പുകളുടെ വിജയ നിരക്ക് 30-ശതമാനത്തിൽ നിന്ന് 50- ശതമാനത്തിലേക്ക് ഉയർത്താൻ യു എ ഇ ലക്ഷ്യമിടുന്നു. 100 ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്ന നയവും 2023-ലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ (എഫ് ഡി ഐ) റെക്കോർഡ് വർധനയും യു എ ഇയുടെ സ്ഥാനം ശക്തിപ്പെടുത്തി. സുസ്ഥിര വളർച്ചക്കും ആഗോള വ്യാപനത്തിനുമായി എസ് എം ഇകളെ പിന്തുണക്കുന്നതിനും ചലനാത്മകമായ സംരംഭക സംസ്‌കാരം വളർത്തുന്നതിനുമുള്ള യു എ ഇയുടെ ശ്രമങ്ങളെ ഈ നേട്ടങ്ങൾ അടിവരയിടുന്നു.
സംരംഭകത്വത്തെ പിന്തുണക്കുന്ന സ്ഥാപന ചട്ടക്കൂടുകളെക്കുറിച്ചുള്ള വിദഗ്ദ്ധ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അനുകൂലമായ നികുതി, നിയന്ത്രണ നയങ്ങൾ, സർക്കാർ പിന്തുണയുള്ള സംരംഭകത്വ പരിപാടികൾ, സ്‌കൂൾ, പോസ്റ്റ്-സ്‌കൂൾ വിദ്യാഭ്യാസത്തിൽ സംരംഭകത്വത്തിന്റെ സംയോജനം എന്നിവയാണ് ആഗോള റാങ്കിംഗിൽ യു എ ഇ ഒന്നാം സ്ഥാനത്തെത്തിയ മറ്റ് മേഖലകൾ. ബിസിനസ്, പ്രൊഫഷണൽ അടിസ്ഥാന സൗകര്യങ്ങൾ, വിപണി പ്രവേശനത്തിന്റെ എളുപ്പം, ഗവേഷണ വികസന ഫലങ്ങളുടെ കൈമാറ്റം എന്നിവയിൽ രാജ്യം ഒന്നാം സ്ഥാനത്തെത്തി.