Uae
യു എ ഇ ആദ്യ റാഫേൽ യുദ്ധവിമാനം സ്വന്തമാക്കി
ചരിത്രപരമായ ഇടപാടെന്ന് പ്രതിരോധ മന്ത്രാലയം
അബൂദബി| യു എ ഇ സായുധ സേന ആദ്യത്തെ റാഫേൽ യുദ്ധവിമാനം സ്വന്തമാക്കി. ഫ്രാൻസിലെ ഡാസ്സോ ഏവിയേഷനുമായി ഒപ്പിട്ട കരാറിന്റെ ഭാഗമായാണ് ആദ്യ റഫാൽ ഫൈറ്റർ ജെറ്റ് വിമാനം കൈപ്പറ്റിയത്. ചരിത്രപരമായ ഇടപാടാണ് ഇതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധരംഗം ആധുനികവത്കരിക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് പുതിയ പോർവിമാനങ്ങൾ എത്തുന്നത്. ലോകത്തിലെ ഏറ്റവും നൂതനമായ മൾട്ടിറോൾ യുദ്ധവിമാനങ്ങളിലൊന്നായാണ് റാഫേലിനെ കണക്കാക്കുന്നത്.
വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക, ആഗോള സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനായി വ്യോമസേനയെ അത്യാധുനിക സൈനിക ഉപകരണങ്ങൾ കൊണ്ട് നവീകരിക്കുകയും രാജ്യത്തിന്റെ പ്രതിരോധ ശേഷി ആധുനികവത്കരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ ജെറ്റുകൾ ഏറ്റെടുക്കൽ. 80 ഫൈറ്റർ ജെറ്റുകൾക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. 16.6 ബില്യൺ യൂറോ വിലമതിക്കുന്ന റാഫേൽ കരാർ, യു എ ഇ – ഫ്രാൻസ് ബന്ധങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ കരാറുകളിലൊന്നാണ്. നൂതന പ്രതിരോധ സാങ്കേതികവിദ്യകളുള്ള യുദ്ധവിമാനങ്ങളാണ് യു എ ഇ സ്വന്തമാക്കുക. പൈലറ്റുമാർക്കും ടെക്നീഷ്യന്മാർക്കുമുള്ള പരിശീലന പരിപാടിയും കരാറിൽ ഉൾപ്പെടുന്നു.
പാരീസിൽ നടന്ന ചടങ്ങിൽ പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ഫാദിൽ അൽ മസ്്റൂഇ, ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലെകോർനു, പ്രതിരോധ മന്ത്രാലയത്തിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ, ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. യു എ ഇ സായുധ സേനയുടെ സുപ്രീം കമാൻഡറായ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ നേരിട്ടുള്ള പിന്തുണയും നേതൃത്വവും സായുധ സേനയിൽ ഗണ്യമായ പരിവർത്തനം ഉണ്ടായിട്ടുണ്ടെന്നും മേഖലയിലെയും അതിനപ്പുറവുമുള്ള ഏറ്റവും പ്രാപ്തിയുള്ളതും സജ്ജവുമായ സൈന്യങ്ങളിലൊന്നായി അത് മാറിയിട്ടുണ്ടെന്നും അൽ മസ് റൂഇ പറഞ്ഞു. കര, കടൽ ലക്ഷ്യങ്ങളെ ഉയർന്ന കൃത്യതയോടെ ആക്രമിക്കൽ, നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങൾ നടപ്പിലാക്കാൻ പ്രാപ്തമായ സാങ്കേതികവിദ്യകളാണ് റാഫേൽ വിമാനങ്ങളുടെ സവിശേഷത.