Business
യു എ ഇ റീട്ടെയ്ല്‍ മേഖല 15 ശതമാനത്തിലേറെ വളര്‍ച്ച നേടും; കൂടുതല്‍ തൊഴില്‍ അവസരങ്ങളെന്നും എം എ യൂസഫലി
ഇ-കൊമേഴ്‌സ് രംഗത്ത് 40 ശതമാനത്തോളം വളര്‍ച്ച പ്രതീക്ഷിക്കുന്നു. വരുന്ന വര്‍ഷം യു എ ഇയില്‍ 23 പുതിയ സ്റ്റോറുകള്‍ അടക്കം ഗള്‍ഫില്‍ 46 പുതിയ സ്റ്റോറുകള്‍ യാഥാര്‍ഥ്യമാകും.

അബൂദബി | ഉപഭോക്താക്കളുടെ മാറുന്ന ഷോപ്പിങ് രീതികള്‍ക്കൊപ്പം സഞ്ചരിക്കുകയാണ് ഇന്ന് റീട്ടെയ്ല്‍ മേഖലയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഈ വര്‍ഷം യു എ ഇയിലെ റീട്ടെയ്ല്‍ മേഖലയില്‍ 15 ശതമാനത്തിലേറെ വളര്‍ച്ചയുണ്ടാകും. യു എ ഇയുടെ മികച്ച ഭരണ നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നയങ്ങള്‍ സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയാണ് ഉറപ്പാക്കുന്നത്. വിവിധ രാജ്യങ്ങളുമായുള്ള മികച്ച വ്യാപാര പങ്കാളിത്തവും പദ്ധതികളും യു എ ഇയുടെ വളര്‍ച്ച അതിവേഗത്തിലാക്കും. അഞ്ച് ശതമാനത്തിലേറെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷമുണ്ടാകും. ഇ-കൊമേഴ്‌സ് രംഗത്തും ഓണ്‍ലൈന്‍ ഷോപ്പിങിനും കൂടുതല്‍ അവസരങ്ങളുടെ കാലമെന്നും അദ്ദേഹം വ്യക്തമാക്കി. യു എ ഇയിലെ പ്രമുഖ അറബ് പത്രമായ ‘അല്‍ എത്തിഹാദിന്’ നല്‍കിയ അഭിമുഖത്തിലാണ് യൂസഫലിയുടെ പ്രതികരണം.
ജി സി സിയിലെ മുന്‍നിര റീട്ടെയ്ല്‍ ബ്രാന്‍ഡ് എന്ന നിലയില്‍ ലുലു ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 15 ശതമാനം വര്‍ധനയും ലാഭത്തില്‍ 20 ശതമാനം അധിക വളര്‍ച്ചയും രേഖപ്പെടുത്തുമെന്ന് യൂസഫലി പറഞ്ഞു. ഇത്തവണത്തെ റമസാന്‍ കാലയളവില്‍ ഒമ്പത് ശതമാനത്തിലേറെ വരുമാനം ലുലു ഗ്രൂപ്പിന് വര്‍ധിച്ചു. ഗ്രൂപ്പിന്റെ ലോകമെമ്പാടുമുള്ള ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രങ്ങളിലൂടെ ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യതയാണ് ഉപഭോക്താക്കള്‍ക്ക് ലുലു ലഭ്യമാക്കിയത്. യു എ ഇ സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ച് വിലസ്ഥിരത ഉറപ്പാക്കി മികച്ച ഷോപ്പിങ് അനുഭവം കൂടിയാണ് റമസാന്‍ സമയത്ത് ലുലു ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.
ഓണ്‍ലൈന്‍ വ്യാപാര രംഗത്തും വിപുലമായ സാധ്യതകളുടെ സമയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇ-കൊമേഴ്‌സ് രംഗത്ത് 40 ശതമാനത്തോളം വളര്‍ച്ച പ്രതീക്ഷിക്കുന്നു. ലുലുവിന്റെ ഇ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ അടക്കം ഉപഭോക്താക്കളുടെ മികച്ച പങ്കാളിത്തമാണ് ഉള്ളത്.
കൂടുതല്‍ വികസന പദ്ധതികളും ലുലു നടപ്പാക്കുകയാണ്. അബൂദബിയില്‍ ഉള്‍പ്പടെ
നഗരാതിര്‍ത്തികളിലേക്കും ഉള്‍പ്രദേശങ്ങളിലും ലുലുവിന്റെ സേവനം വിപുലീകരിക്കുകയാണ്. യു എ ഇക്കു പുറമേ കുവൈത്ത്, സഊദി അറേബ്യ, ബഹ്‌റൈന്‍, ഖത്വര്‍, ഒമാന്‍ എന്നിവടങ്ങളിലായി വിപുലമായ വികസന പദ്ധതികളാണ് ഗ്രൂപ്പ് നടപ്പാക്കുന്നത്. ഈജിപ്തിലും റീട്ടെയ്ല്‍ സേവനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ലുലു. ഭാവിയില്‍ മൊറോക്കോ, ജോര്‍ദാന്‍, ഇറാഖ് വിപണികളിലും സജീവമാകാന്‍ ഉദ്ദേശിക്കുന്നതായും യൂസഫലി അറിയിച്ചു.
യു എ ഇയിലെ 111 സ്റ്റോറുകള്‍ അടക്കം ഗള്‍ഫ് മേഖലയില്‍ 253 സ്റ്റോറുകളാണ് ലുലുവിന് ഉള്ളത്. വരുന്ന വര്‍ഷം യു എ ഇയില്‍ 23 പുതിയ സ്റ്റോറുകള്‍ അടക്കം ഗള്‍ഫില്‍ 46 പുതിയ സ്റ്റോറുകള്‍ യാഥാര്‍ഥ്യമാകും. പദ്ധതികളുടെ വ്യാപനത്തിലൂടെ സ്വദേശി പൗരന്മാര്‍ക്കടക്കം കൂടുതല്‍ തൊഴിലവസരങ്ങളും ഉറപ്പാക്കുമെന്നും യൂസഫലി പറഞ്ഞു.