Uae
പുതിയ ബഹിരാകാശ നിലയ പദ്ധതിയിൽ യു എ ഇക്ക് സീറ്റുറപ്പ്
യു എ ഇ മുമ്പ് തന്നെ ആക്സിയം സ്പേസുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ദുബൈ | പുതിയ ബഹിരാകാശ നിലയ പദ്ധതിയിൽ ആദ്യ സഞ്ചാരികളായി യു എ ഇക്കാർക്ക് സാധ്യത. കാലിഫോർണിയയിലെ സ്വകാര്യ കമ്പനിയായ വാസ്റ്റ് സ്പേസ്, ഭൂമിയുടെ ഭ്രമണപഥത്തിൽ രണ്ട് ബഹിരാകാശ നിലയങ്ങൾ വികസിപ്പിക്കുന്നു.ഒരു വാണിജ്യ ഔട്ട്പോസ്റ്റായ ഹാവൻ-1, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പകരമായി വർത്തിക്കാൻ കഴിയുന്ന ഹാവൻ-2 നിലയങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതിൽ ആദ്യത്തേതിലാണ് യു എ ഇ ബഹിരാകാശ യാത്രികരെ പരിഗണിക്കുന്നത്. കമ്പനിയുടെ നിർണായക ഉപഭോക്തൃ അടിത്തറയായി യു എ ഇയെ കണക്കാക്കുന്നുവെന്ന് വാസ്റ്റ് സ്പേസിന്റെ ചീഫ് എക്സിക്യൂട്ടീവ് മാക്സ് ഹോട്ട് പറഞ്ഞു.ഇതിനിടെ, ആസ്‌ട്രോനട്ട് മിഷൻ എന്ന പേരിൽ നാസയുടെ നിലവിലെ ഐ എസ് എസിലേക്കു മറ്റൊരു പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
ഐ എസ് എസിലേക്കും രണ്ട് ദൗത്യങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.സ്പേസ് എക്സ് റോക്കറ്റുകളിലാണ് യാത്ര. ഇതിലും യു എ ഇ, സഊദി അറേബ്യ പോലുള്ള രാജ്യങ്ങൾ സീറ്റ് അപേക്ഷ നൽകിയിട്ടുണ്ട്.നാസയുടെ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ നൂറ അൽ മത്്റൂശിക്കും മുഹമ്മദ് അൽ മുഅല്ലക്കും സാധ്യത തെളിഞ്ഞു.
യു എ ഇ എത്രത്തോളം ഗൗരവമുള്ളതാണെന്നും അതിന്റെ ബഹിരാകാശ പറക്കൽ പദ്ധതി എത്രത്തോളം വികസിതമാണെന്നും ഞങ്ങൾക്കറിയാം. ഹാവൻ-1 നുള്ള അനുയോജ്യരായ ആദ്യ ക്രൂവിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഞങ്ങളുടെ ഒന്നാം നമ്പർ ലക്ഷ്യം യു എ ഇയാണ്.’ മാക്‌സ് ഹോട്ട് പറഞ്ഞു.
ഹ്യൂസ്റ്റൺ ആസ്ഥാനമായുള്ള ആക്സിയം സ്പേസ് ബഹിരാകാശ യാത്ര സംഘടിപ്പിക്കും. ഐ എസ് എസിനായി ഒരു പകരക്കാരന്റെ സ്റ്റേഷനും അവർ വികസിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം, പി എ എം പ്രോഗ്രാമിലൂടെ രണ്ട് സഊദി ബഹിരാകാശയാത്രികരെ ഐ എസ് എസിലേക്ക് അയച്ചു. സഊദി അറേബ്യയുടെ ബഹിരാകാശ സഞ്ചാരി സംഘത്തിൽ മറിയം ഫർദൗസും അലി അൽ ഗാംദിയുമാണുള്ളത്.
യു എ ഇ മുമ്പ് തന്നെ ആക്സിയം സ്പേസുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ആറ് മാസത്തെ ഐ എസ് എസ് ദൗത്യത്തിൽ യുവജനകാര്യ സഹമന്ത്രി ഡോ. സുൽത്താൻ അൽ നയാദി പങ്കാളിയായി.കുറഞ്ഞത് രണ്ട് സ്വകാര്യ വിമാനങ്ങളെങ്കിലും ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങൾ. ആദ്യത്തേത് 2026ലും മറ്റൊന്ന് 2027ലും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടിനും ഞങ്ങൾ മത്സരിക്കും.
ഐ എസ് എസ് അതിന്റെ അവസാന വർഷങ്ങളിലേക്ക് കടക്കുകയാണ്. ഒരു പുതിയ യുഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ ഏജൻസികൾ ചന്ദ്രൻ, ചൊവ്വ ദൗത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിന്റെ വാണിജ്യവത്കരണം സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുക്കുന്നു. ഈ മാറ്റം ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ, വോയേജർ സ്പേസ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളെ ബഹിരാകാശ നിലയങ്ങൾക്കായുള്ള പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രേരിപ്പിച്ചു.