Uae
പ്രകൃതി വാതക കൈമാറ്റത്തിൽ യു എ ഇ ചൈനയുമായി കരാറിൽ ഒപ്പുവെച്ചു
യു എ ഇയും ഒരു ചൈനീസ് പങ്കാളിയും തമ്മിൽ ഒപ്പുവെക്കുന്ന ഏറ്റവും വലിയ എൽ എൻ ജി വിതരണ കരാറാണിത്.

ദുബൈ| സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനിടയിൽ യു എ ഇയും ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്്വ്യവസ്ഥയായ ചൈനയും ഊർജ രംഗത്ത് സുപ്രധാന കരാറിൽ ഒപ്പുവെച്ചു. ദ്രവീകൃത പ്രകൃതിവാതക വിതരണ കരാറുകളിലാണ് ഒപ്പുവെച്ചത്. പ്രകൃതി വാതക യൂണിറ്റുമായുള്ള 15 വർഷത്തെ കരാറിന്റെ ഭാഗമായി, അഡ്നോക് ചൈനീസ് സ്വകാര്യ കമ്പനിക്ക് പ്രതിവർഷം ദശലക്ഷം ടൺ വരെ ദ്രവീകൃത പ്രകൃതിവാതകം വിതരണം ചെയ്യുമെന്ന് അഡ്നോക്ക് അറിയിച്ചു. യു എ ഇയും ഒരു ചൈനീസ് പങ്കാളിയും തമ്മിൽ ഒപ്പുവെക്കുന്ന ഏറ്റവും വലിയ എൽ എൻ ജി വിതരണ കരാറാണിത്.
കഴിഞ്ഞയാഴ്ച വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും അഡ്നോക്കിന്റെ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ ഡോ. സുൽത്താൻ അൽ ജാബറിന്റെ ചൈന സന്ദർശന വേളയിലാണ് ഇത് പൂർത്തിയായത്.
സന്ദർശന വേളയിൽ മറ്റ് രണ്ട് ചൈനീസ് കമ്പനികളായ സി എൻ ഒ ഒ സി ഗ്യാസ് ആൻഡ് പവർ ഗ്രൂപ്പ്, ഷെൻഹുവ ഓയിൽ എന്നിവയുമായും എൽ എൻ ജി വിതരണ കരാറുകൾ അഡ്നോക് പ്രഖ്യാപിച്ചു.
അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്്വ്യവസ്ഥയായ യു എ ഇയും ചൈനയും സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നത് തുടരുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനങ്ങൾ. കഴിഞ്ഞ ആഴ്ച, അഡ്നോക് ഊർജ കമ്പനിയും ചൈനയും തമ്മിലുള്ള ദീർഘകാല വാണിജ്യ ബന്ധം വർധിപ്പിക്കുന്നതിന് ബീജിംഗിൽ ഒരു വിൽപ്പന, വിപണന ഓഫീസ് തുറന്നു.
കഴിഞ്ഞ വർഷം, കുറഞ്ഞ കാർബൺ ഊർജ പരിഹാരങ്ങളിൽ സഹകരിക്കുന്നതിന് രണ്ട് ചൈനീസ് ഊർജ കമ്പനികളുമായി അഡ്നോക് തന്ത്രപരമായ കരാറുകളിൽ ഒപ്പുവെച്ചു. പുതിയ ഊർജ പദ്ധതികൾ, കുറഞ്ഞ കാർബൺ പരിഹാരങ്ങൾ, എൽ എൻ ജി സംരംഭങ്ങൾ, എണ്ണ, വാതക പ്രവർത്തനങ്ങൾ, വ്യാപാര പദ്ധതികൾ എന്നിവയിലെ അവസരങ്ങൾ പര്യവേഷണം ചെയ്യുക എന്നതാണ് ചൈന നാഷണൽ ഓഫ്ഷോർ ഓയിൽ കമ്പനിയുമായുള്ള കരാർ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം ചൈനക്ക് ഏറ്റവും കൂടുതൽ എൽ എൻ ജി വിതരണം ചെയ്തത് ഓസ്ട്രേലിയ, ഖത്വർ, റഷ്യ, മലേഷ്യ, യു എസ് എന്നിവയാണ്. 2040 ആകുമ്പോഴേക്കും ആഗോളതലത്തിൽ ഇന്ധനത്തിനുള്ള ആവശ്യകതയിൽ 60 ശതമാനം വർദ്ധനവുണ്ടാകുമെന്ന് ഷെല്ലിന്റെ 2025 എൽ എൻ ജി ഔട്്ലുക്ക് പ്രവചിക്കുന്നു.