Uae
ഭക്ഷ്യ സുരക്ഷയിൽ യു എ ഇ ജാഗ്രത ശക്തമാക്കുന്നു; നിറം നൽകുന്ന ഉത്പന്നങ്ങൾ നിരീക്ഷിക്കുന്നു
ഈയിടെയാണ് ഭക്ഷ്യവസ്തുക്കളിൽ റെഡ് നമ്പർ 3 ഡൈ നിരോധിച്ചത്.
ദുബൈ| ഭക്ഷ്യ സുരക്ഷയിൽ യു എ ഇ ജാഗ്രത ശക്തമാക്കുകയാണെന്ന് അധികൃതർ. കളർ അഡിറ്റീവുകൾ അടങ്ങിയ ഉത്പന്നങ്ങൾ “സജീവമായി നിരീക്ഷിക്കുകയാണ്.’ ചെറി-ചുവപ്പ് നിറം നൽകുന്ന ചില സിന്തറ്റിക് ഫുഡ് ഡൈയുടെ ഉപയോഗം ബുധനാഴ്ച യു എസ് നിരോധിച്ച പശ്ചാത്തലത്തിലാണിത്. ഈ ഡൈ ലബോറട്ടറി പരീക്ഷണത്തിൽ എലികളിൽ അർബുദത്തിന് കാരണമാകുമെന്നതിന് തെളിവുകൾ ലഭിച്ചു. സൗന്ദര്യവർധക വസ്തുക്കളിൽ ഉപയോഗിക്കുന്നതിന് മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ നിരോധം ഏർപ്പെടുത്തിരുന്നു.
ഈയിടെയാണ് ഭക്ഷ്യവസ്തുക്കളിൽ റെഡ് നമ്പർ 3 ഡൈ നിരോധിച്ചത്. നിലവിൽ യു എസിൽ ഏകദേശം 3,000 ഭക്ഷ്യ ഉത്പന്നങ്ങളിൽ ഈ ഡൈ ഉപയോഗിക്കുന്നു. യു എ ഇയിൽ, ഇറക്കുമതി ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങൾ പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് പ്രവേശന കവാടങ്ങളിൽ കർശന പരിശോധനകൾക്ക് വിധേയമാക്കും. ഭക്ഷ്യ ഉത്പന്നങ്ങൾ പതിവായി സാമ്പിൾ ചെയ്യുകയും ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്യും. അഡിറ്റീവുകളും കളറന്റുകളും ഉൾപ്പെടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് നടപ്പിലാക്കുന്നത്. ഉപഭോക്തൃ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ശാസ്ത്രീയ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക സവിശേഷതകളും ചട്ടങ്ങളും തുടർച്ചയായി വിലയിരുത്താറുണ്ട്.
ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, യു എ ഇ റെഗുലേറ്റർമാർ കളറന്റുകൾ ചേർക്കുന്നതിനുള്ള അനുവദനീയമായ പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. അപകടസാധ്യത വിലയിരുത്തും. അന്താരാഷ്ട്ര റഫറൻസുകൾ, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ പരിധികൾ. തീരുമാനത്തിന് അനുസൃതമായി ഉത്പന്നങ്ങൾ പുനഃക്രമീകരിക്കുന്നതിന് യുഎസ് റെഗുലേറ്റർമാർ ഭക്ഷ്യ കമ്പനികൾക്ക് രണ്ട് വർഷത്തെ സമയപരിധിയും ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് മൂന്ന് വർഷത്തെ സമയപരിധിയും നൽകി.
എഫ് ഡി എയുടെ തീരുമാനം അർബുദത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു. മറ്റ് ഗവേഷണങ്ങൾ കുട്ടികളിൽ സിന്തറ്റിക് ഫുഡ് ഡൈകളുടെ സാധ്യതയുള്ള ന്യൂറോ ബിഹേവിയറൽ ഇഫക്റ്റുകൾ, പ്രത്യേകിച്ച് ശ്രദ്ധക്കുറവ്/ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എ ഡി എച്ച് ഡി) കണ്ടെത്തിയിട്ടുണ്ട്. സിന്തറ്റിക് ഫുഡ് ഡൈകൾ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്റർ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും തലച്ചോറിന്റെ ഘടനയിൽ സൂക്ഷ്മ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നുവെന്ന് മൃഗ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് പ്രവർത്തനം, ഓർമ, പഠനം എന്നിവയെ ബാധിക്കുന്നു.
---- facebook comment plugin here -----