Uae
യു എ ഇ ടൂർ; വിമൻ സൈക്ലിംഗ് മത്സരം ഇന്ന്: റോഡുകൾ അടച്ചിടും
പരിപാടി കണക്കിലെടുത്ത് ഇന്ന് (വെള്ളി) ദുബൈയിൽ ചില റോഡുകൾ അടച്ചിടുമെന്ന് ആർ ടി എ അറിയിച്ചു. വൈകുന്നേരം 4.30 വരെ ചില റോഡുകൾ പത്ത് മുതൽ 15 മിനിറ്റ് വരെയാണ് അടച്ചിടുക.

ദുബൈ | യു എ ഇ ടൂർ വിമൻ 2025 സൈക്ലിംഗ് ഇവന്റ് ഇന്ന് നടക്കും. ഉച്ചക്ക് 12.30ന് ദുബൈയിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ നിന്നാണ് മത്സരാർഥികളുടെ ഓട്ടം ആരംഭിച്ചത്. ശൈഖ് സായിദ് റോഡ്, അൽ നസീം സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ ജമാഈൽ സ്ട്രീറ്റ്, ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്്യാൻ സ്ട്രീറ്റ് എന്നിവയിലൂടെ കടന്നുപോകുന്ന ടൂർ ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്സിറ്റിക്ക് സമീപമാണ് സമാപിക്കുക. മൊത്തം 160 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതാണ് പരിപാടി.
പരിപാടി കണക്കിലെടുത്ത് ഇന്ന് (വെള്ളി) ദുബൈയിൽ ചില റോഡുകൾ അടച്ചിടുമെന്ന് ആർ ടി എ അറിയിച്ചു. വൈകുന്നേരം 4.30 വരെ ചില റോഡുകൾ പത്ത് മുതൽ 15 മിനിറ്റ് വരെയാണ് അടച്ചിടുക.
പരിപാടി അവസാനിക്കുന്നതുവരെ റാസ് അൽ ഖോർ റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ ആർ ടി എ വാഹനമോടിക്കുന്നവരെ ഉപദേശിക്കുന്നു.യു എ ഇ ടൂറിന്റെ ഏഴാം പതിപ്പ് 2025 ഫെബ്രുവരി 17 മുതൽ 23 വരെ നടക്കും. ഏഴ് ഘട്ടങ്ങളിലായി 1,013 കിലോമീറ്റർ സഞ്ചരിക്കും. യു എ ഇയുടെ മരുഭൂമി, പർവത, നഗര റൂട്ടുകളിലൂടെ സഞ്ചരിക്കും.
അഞ്ചാം ഘട്ടമാണ് ദുബൈയിൽ നടക്കുന്നത്. അമേരിക്കൻ യൂണിവേഴ്സിറ്റി ദുബൈ മുതൽ ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്സിറ്റി വരെ 160 കി. മീ. ദൂരത്തിലാണിത്. അൽ ഖുദ്റ സൈക്കിൾ ട്രാക്ക്, മെയ്ദാൻ റേസ്‌കോഴ്‌സ് തുടങ്ങിയ ലാൻഡ്‌മാർക്കുകൾ കടന്നു പോകും.
സ്‌പോർട്‌സ് സിറ്റിയിൽ ഐ സി സി ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിനാൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും ഹിസ്സ സ്ട്രീറ്റിലും ഗതാഗത നിയന്ത്രണം ഉണ്ടാവും. രാവിലെ 11നും ഉച്ചക്ക് രണ്ടിനും രാത്രി ഒമ്പത് മുതൽ 11 വരെയും വാഹനങ്ങൾക്ക് കാലതാമസം ഉണ്ടാകുമെന്ന് ആർ ടി എ വ്യക്തമാക്കി.