Uae
യു എ ഇ 'എംസാറ്റ്' സര്‍വകലാശാല പ്രവേശന പരീക്ഷ റദ്ദാക്കി
വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവും ചേര്‍ന്നാണ് ഇന്നലെ തീരുമാനം പ്രഖ്യാപിച്ചത്.
അബൂദബി| ഗ്രേഡ് 12 വിദ്യാര്‍ഥികള്‍ക്കുള്ള എംസാറ്റ് ഉടന്‍ റദ്ദാക്കുകയും പുതുക്കിയ സര്‍വകലാശാല പ്രവേശന മാനദണ്ഡം നടപ്പാക്കുകയും ചെയ്യുമെന്ന് യു എ ഇ അധികൃതര്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവും ചേര്‍ന്നാണ് ഇന്നലെ തീരുമാനം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ, മാനവ വികസന, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ അംഗീകാരത്തെത്തുടര്‍ന്നാണ് ഈ നീക്കം.
വിദ്യാര്‍ഥികള്‍ക്ക് വൈവിധ്യമാര്‍ന്ന അക്കാദമിക് അവസരം പ്രദാനം ചെയ്യുന്ന പ്രവേശന മാനദണ്ഡങ്ങള്‍ ക്രമീകരിക്കുന്നതില്‍ ഈ നീക്കം സര്‍വകലാശാലകള്‍ക്ക് നടപടികള്‍ സുഗമമാക്കും. മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇത് സഹായകരമാവും. വിദ്യാഭ്യാസ നയങ്ങളുടെ വഴക്കം വിദ്യാര്‍ഥികളുടെ താത്പര്യങ്ങളോടുള്ള സമ്പൂര്‍ണമായ പ്രതിബദ്ധതയില്‍ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രിയും മാനവവിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രിയും ആക്ടിംഗ് മന്ത്രിയുമായ ഡോ. സാറ അല്‍ അമീരി പറഞ്ഞു. പുതിയ നയത്തിലൂടെ ഓരോ പന്ത്രണ്ടാം ക്ലാസ് ബിരുദധാരിക്കും ബാച്ചിലേഴ്സ്, ഹയര്‍ ഡിപ്ലോമ, ഡിപ്ലോമ അല്ലെങ്കില്‍ നൈപുണ്യ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളില്‍ ചേരാന്‍ വഴി ഒരുങ്ങുമെന്ന് അവര്‍ വ്യക്തമാക്കി.