From the print
താത്കാലിക ഭരണ മേൽനോട്ടത്തിന് യു എ ഇ, യു എസ്, ഇസ്റാഈൽ?; യുദ്ധാനന്തര ഗസ്സയിൽ ചർച്ച
പുതിയ ഫലസ്തീൻ അതോറിറ്റി ആശയങ്ങൾ അനൗദ്യോഗികം
ദുബൈ | പുതിയ ഫലസ്തീൻ അതോറിറ്റിയെ ചുമതലയേൽപ്പിക്കുന്നതു വരെ യുദ്ധാനന്തര ഗസ്സയുടെ താത്കാലിക ഭരണത്തിൽ പങ്കാളികളാകാൻ ഇസ്റാഈലുമായും അമേരിക്കയുമായും യു എ ഇ ചർച്ച നടത്തിയതായി റിപോർട്ട്.
ഇസ്റാഈൽ സൈന്യം പിൻവാങ്ങിയ ശേഷവും ഗസ്സയുടെ ഭരണം, സുരക്ഷ, പുനർനിർമാണം എന്നിവക്ക് യു എ ഇയും യു എസും മറ്റ് രാജ്യങ്ങളും ചേർന്ന് താത്കാലിക മേൽനോട്ടം വഹിക്കാനുള്ള സാധ്യതയാണ് ചർച്ചയിൽ രൂപപ്പെട്ടതെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപോർട്ട് ചെയ്തു. പുതിയ ഫലസ്തീൻ ഭരണകൂടത്തിന് ഏറ്റെടുക്കാൻ കഴിയുന്നതു വരെ ഈ സംവിധാനം തുടരുമെന്നും റിപോർട്ട് വ്യക്തമാക്കുന്നു.
അമേരിക്കയുടെ അടുത്ത സുരക്ഷാ പങ്കാളിയായ യു എ ഇക്ക് മിക്ക അറബ് സർക്കാറുകളിൽ നിന്നും വ്യത്യസ്തമായി ഇസ്റാഈലുമായി നയതന്ത്ര ബന്ധമുണ്ട്. ബെഞ്ചമിൻ നെതന്യാഹു നേതൃത്വം നൽകുന്ന ഇസ്റാഈൽ സർക്കാറിനു മേൽ യു എ ഇക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് ചർച്ചയിൽ പങ്കെടുത്ത നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും പറയുന്നത്.
ആക്രമണം 15 മാസത്തിലെത്തിയിട്ടും ഭാവി ഗസ്സയെ കുറിച്ച് കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിൽ ഇസ്റാഈൽ വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ പ്രായോഗിക പദ്ധതി ആവിഷ്കരിക്കാൻ അന്താരാഷ്ട്ര സമൂഹം പാടുപെടുകയാണ്. യു എ ഇ ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ അനൗപചാരികവും രേഖാമൂലമുള്ള പദ്ധതിയായി രൂപപ്പെടാത്തതും ഒരു സർക്കാറും ഇതുവരെ അംഗീകരിക്കാത്തതുമാണെന്ന് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും വ്യക്തമാക്കി.
ഗസ്സ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം എന്നിവയെ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനു കീഴിൽ കൊണ്ടുവരുന്ന പരിഷ്കരിച്ച ഫലസ്തീൻ അതോറിറ്റി (പി എ) എന്ന വാദമാണ് ചർച്ചകളിൽ യു എ ഇ മുന്നോട്ടുവെച്ചത് എന്നാണ് വിവരം.
ഫലസ്തീൻ അതോറിറ്റിയുടെ കാര്യമായ പരിഷ്കരണം, ശാക്തീകരണം, ഫലസ്തീൻ രാഷ്ട്രത്തിലേക്കുള്ള ഫലപ്രദമായ പദ്ധതി തയ്യാറാക്കൽ എന്നിവ ഉൾപ്പെടാത്ത ഒരു ആലോചനയിലും യു എ ഇ പങ്കെടുക്കില്ലെന്നാണ് രാജ്യത്തിന്റെ നിലപാടെന്നും റോയിട്ടേഴ്സ് റിപോർട്ടിൽ പറയുന്നു. ഫലസ്തീൻ ഭരണം, സുരക്ഷ, പുനർനിർമാണം തുടങ്ങിയ കാര്യങ്ങളിൽ യു എ ഇ ഉൾപ്പെടെയുള്ള പങ്കാളികളുമായി ചർച്ച നടന്നിട്ടുണ്ടെന്നും വിവിധ കരട് നിർദേശങ്ങളും പദ്ധതികളും ആശയങ്ങളും മുന്നോട്ടു വെച്ചിട്ടുണ്ടെന്നും യു എസ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ഇസ്റാഈലും ഫലസ്തീനും തമ്മിൽ 1993-1995ലുണ്ടാക്കിയ ഓസ്‌ലോ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഫലസ്തീൻ അതോറിറ്റി സ്ഥാപിതമായത്. വെസ്റ്റ് ബാങ്കിലും ഗസ്സയിലും പരിമിതമായ അധികാരങ്ങൾ മാത്രമാണ് ഉടന്പടി പ്രകാരം ഫലസ്തീൻ അതോറിറ്റിക്ക് ലഭിച്ചത്. ഇസ്റാഈൽ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇപ്പോഴും ചില മേഖലകളിൽ ഭരണം നടത്തുന്നുണ്ടെങ്കിലും 2007ൽ ഹമാസുമായുണ്ടായ ആഭ്യന്തര പോരാട്ടത്തിനു ശേഷം ഗസ്സയിൽ നിന്ന് ഫലസ്തീൻ അതോറിറ്റി പുറത്താക്കപ്പെട്ടു.