Uae
യു എ ഇ; അഞ്ചാംപനിക്കെതിരെ കുത്തിവെപ്പ് ബോധവത്കരണം തുടങ്ങി
ഒന്ന് മുതൽ ഏഴ് വയസ്സ് വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് പദ്ധതി.
ദുബൈ | യു എ ഇ അഞ്ചാംപനിക്കെതിരെ കുത്തിവെപ്പ് ബോധവത്കരണം തുടങ്ങി. ആരോഗ്യ, പ്രതിരോധ മന്ത്രാലയമാണ് നാഷണൽ സപ്ലിമെന്ററി മീസിൽസ് ഇമ്മ്യൂണൈസേഷൻ ക്യാമ്പയിൻ 2024 ആരംഭിച്ചത്. ദേശീയ അഞ്ചാംപനി നിർമാർജന പരിപാടിയെയും പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ചുള്ള ദേശീയ നയത്തെയും പിന്തുണക്കുന്നതിനാണ് പ്രചാരണം.
ഒന്ന് മുതൽ ഏഴ് വയസ്സ് വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് പദ്ധതി. പനിയുടെ സങ്കീർണതകളിൽ നിന്നും അവരെ സംരക്ഷിക്കാനാണ് ക്യാമ്പയിൻ. പ്രതിരോധ കുത്തിവെപ്പ് ലോകാരോഗ്യ സംഘടന അംഗീകരിച്ച പുതിയ അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾ പിന്തുടരുമെന്ന് പബ്ലിക് ഹെൽത്ത് സെക്ടറിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഹുസൈൻ അബ്ദുർറഹ്‌മാൻ അൽ റന്ത് പറഞ്ഞു.
സുരക്ഷയുടെയും കാര്യക്ഷമതയുടെയും ഉയർന്ന നിലവാരം ഉറപ്പാക്കും.’സ്വയം സംരക്ഷിക്കുക, നിങ്ങളുടെ സമൂഹത്തെ സംരക്ഷിക്കുക’ എന്ന പ്രമേയത്തിലുള്ള ബോധവത്കരണത്തിൽ എമിറേറ്റ്സ് ഹെൽത്ത് സർവീസസ്, അബുദബി പബ്ലിക് ഹെൽത്ത് സെന്റർ, ദുബൈ ഹെൽത്ത് അതോറിറ്റി എന്നിവ സഹകരിക്കും.
ദേശീയ അഞ്ചാംപനി ഉന്മൂലന പരിപാടിയുടെ ഭാഗമായി വാക്‌സിനേഷൻ കവറേജ് വർധിപ്പിക്കാനും വൈറസിനെതിരായ പ്രതിരോധശേഷി സുരക്ഷിതമാക്കാനും 2030-ഓടെ രോഗത്തെ ഉന്മൂലനം ചെയ്യാനുമാണ് ഈ സംരംഭം ശ്രമിക്കുന്നത്.