Uae
യു എ ഇ കാർഷിക മേഖലയിൽ ശ്രദ്ധ ചെലുത്തും; പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രി
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാർഷിക ഉത്പാദനം അഞ്ചിലൊന്നായി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗാർഹിക കൃഷി പ്രോത്സാഹിപ്പിക്കും.
ദുബൈ | യു എ ഇയിൽ കാർഷികോത്പാദനം വർധിപ്പിക്കാൻ ശ്രമം ഊർജിതം. ഭൂപ്രകൃതിയുടെ വെല്ലുവിളി എങ്ങിനെ തരണം ചെയ്യാമെന്നതാണ് ആദ്യം നോക്കുകയെന്ന് യു എ ഇ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. അംന അൽ ദഹക്ക് ചൂണ്ടിക്കാട്ടി.
കാർഷിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഈ മാസം “പ്ലാന്റ് ദി എമിറേറ്റ്‌സ്’ കാമ്പയിൻ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ കർഷകർ നേരിടുന്ന വെല്ലുവിളികളിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ ആഗോള ഭക്ഷ്യസുരക്ഷയും ജലക്ഷാമവും പരിഹരിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിക്കാൻ യു എ ഇയെ സഹായിക്കും. കഴിഞ്ഞ ആഴ്ച അൽ ഐനിലെ ഒരു ഫാം സന്ദർശിച്ചപ്പോൾ, ചൂടുള്ള കാലാവസ്ഥയും ജലദൗർലഭ്യവും മൂലമുണ്ടാകുന്ന വെല്ലുവിളികളെ എങ്ങനെ അതിജീവിക്കുന്നുവെന്ന് ഒരു കർഷകൻ കാണിച്ചു തന്നു. ഇത്തരത്തിൽ കൂടുതൽ രാജ്യങ്ങൾ പുതിയതും അതുല്യവുമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതുണ്ട്.
പ്ലാന്റ്ദി എമിറേറ്റ്‌സ് പദ്ധതിയുടെ ഒരു പ്രധാന ഘടകം ഒരു ദേശീയ കാർഷിക കേന്ദ്രം സൃഷ്ടിക്കുക എന്നതാണ്. അതിലൂടെ ഗുണനിലവാരവും മത്സരക്ഷമതയും വർധിപ്പിക്കുന്നതിനും പ്രാദേശിക ഉത്പാദനം വ്യാപിപ്പിക്കാനും കഴിയും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാർഷിക ഉത്പാദനം അഞ്ചിലൊന്നായി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗാർഹിക കൃഷി പ്രോത്സാഹിപ്പിക്കും.
പരമ്പരാഗതമായി ഭക്ഷ്യ ഇറക്കുമതിയെ ആശ്രയിക്കുന്ന യു എ ഇ, സ്വന്തം ഉത്പാദനം വർധിപ്പിക്കുന്നതിന് കാർഷിക സാങ്കേതികവിദ്യയിൽ കാര്യമായ നിക്ഷേപം നടത്തും.
“ദേശീയ കാർഷിക കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളിലൊന്ന് യു എ ഇയിലെ കാർഷിക ഭൂപ്രകൃതിയിലുടനീളം നൂതന മാതൃകകൾ തിരിച്ചറിയുകയെന്നതാണ്. അവ എങ്ങിനെ ചെലവ് കുറഞ്ഞ രീതിയിൽ പകർത്താൻ കഴിയുമെന്ന് നോക്കും. കേന്ദ്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഈ വർഷാവസാനം വെളിപ്പെടുത്തും. അൽ ഐനിൽ ഇമാറാത്തി സംരംഭകനായ അബ്ദുർറഹ്‌മാൻ അൽ ശംസിയുടെ ഉടമസ്ഥതയിലുള്ള ഒരു ഫാം, പ്രതികൂല സാഹചര്യങ്ങൾക്കിടയിലും കർഷകർക്ക് എങ്ങനെ പുത്തൻ മാതൃകകൾ വികസിപ്പിച്ചെടുക്കാൻ കഴിയുമെന്ന് കാണിച്ചുതന്നു.
160,000 ചതുരശ്ര മീറ്റർ വിസ്തൃതിൽ, അൽ അറാദ് മേഖലയിലെ ഈ ഫാമിൽ ഈന്തപ്പഴം, മാതളനാരകം, തണ്ണിമത്തൻ, നാരങ്ങ, കാബേജ്, മാമ്പഴം എന്നിവയുൾപ്പെടെയുള്ള ഉത്പന്നങ്ങൾ വിളയുന്നു. സമ്പൂർണവും യോജിച്ചതുമായ കാർഷിക സമ്പ്രദായത്തിന്റെ കാര്യത്തിൽ വളരെ നൂതനമായ ഒരു മാതൃക ഞങ്ങൾ കണ്ടു. അവിടെ അവർക്ക് അക്വാകൾച്ചർ ഉണ്ട്. അവർക്ക് കോഴിയും കന്നുകാലികളും ഉണ്ട്. കൂടാതെ കൂടാര വയലും ഉണ്ടെന്നും അംന അൽ ദഹക്ക് വ്യക്തമാക്കി.
റിപ്പബ്ലിക് ഓഫ് കൊറിയയുടെ കാർഷിക മേഖലയിൽ നിന്നുള്ള ഉദ്യോഗസ്ഥർ യു എ ഇയുമായി സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. സ്മാർട്ട് കൃഷി, കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കും. വിള ഉത്പാദനം ത്വരിതപ്പെടുത്താനും വർധിപ്പിക്കാനും ശേഷിയുള്ള സ്മാർട്ട് കൃഷിയിൽ യു എ ഇയുമായുള്ള സഹകരണത്തിന് തയാറാണെന്ന് കൊറിയയിലെ കൃഷി, ഭക്ഷ്യ, ഗ്രാമകാര്യ മന്ത്രാലയ വക്താവ് സിയൂങ്-ഹോ ചോയ് പറഞ്ഞു.