Uae
വിദേശ വ്യാപാരത്തില്‍ 3.5 ട്രില്യന്റെ ചരിത്ര നേട്ടവുമായി യു എ ഇ
തുര്‍ക്കിയുമായുള്ള വ്യാപാരം 103 ശതമാനത്തിലേറെയും ഹോങ്കോങ്-ചൈനയുമായി 47 ശതമാനവും അമേരിക്കയുമായുള്ള വ്യാപാരം 20 ശതമാനവും ഒരു വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചതായി വൈസ് പ്രസിഡന്റ്.
ദുബൈ | എണ്ണ ഇതര വിദേശ വ്യാപാരം 2023-ല്‍ 3.5 ലക്ഷം കോടി ദിര്‍ഹം എന്ന അഭൂതപൂര്‍വമായ ഉയരത്തിലേക്ക് കുതിച്ച് യു എ ഇ ചരിത്രനേട്ടം കൈവരിച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
യു എ ഇ ഓരോ പ്രഭാതവും പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കുകയാണ്. എണ്ണ ഇതര വിദേശ ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരത്തിന്റെ പര്യവസാനം ഇന്ന് ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. 2023 ല്‍ 3.5 ട്രില്യണ്‍ ദിര്‍ഹത്തിലേക്ക് കുതിച്ച് ചരിത്രപരമായ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ശൈഖ് മുഹമ്മദ് പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ വ്യാപാര വികസന സമ്മേളനം റിപ്പോര്‍ട്ട് ചെയ്ത ആഗോള മാന്ദ്യത്തിനിടയിലെ പ്രതിരോധത്തിന്റെ തെളിവാണ് ഈ നേട്ടം. 2023 ന്റെ തുടക്കത്തില്‍, യു എ ഇ തകര്‍പ്പന്‍ സാമ്പത്തിക വര്‍ഷമാണ് മുന്‍കൂട്ടി കണ്ടത്. എന്നാല്‍ രാജ്യം പ്രതീക്ഷകള്‍ക്കപ്പുറമാണ് എത്തിപ്പിടിക്കുന്നത്. 2023-ല്‍ സമഗ്രമായ പങ്കാളിത്ത കരാറുകളിലൂടെ പുതിയ സഹകരണ പാതകള്‍ സൃഷ്ടിച്ചു. അതിന്റെ ഫലമായി പത്ത് വ്യാപാര പങ്കാളികളുമായുള്ള വിദേശ വ്യാപാരത്തില്‍ ശ്രദ്ധേയമായ കുതിച്ചുചാട്ടം ഉണ്ടായെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
തുര്‍ക്കിയുമായുള്ള വ്യാപാരം 103 ശതമാനത്തിലേറെയും ഹോങ്കോങ്-ചൈനയുമായി 47 ശതമാനവും അമേരിക്കയുമായുള്ള വ്യാപാരം 20 ശതമാനവും ഒരു വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചതായി വൈസ് പ്രസിഡന്റ് വ്യക്തമാക്കി.
അന്താരാഷ്ട്ര വ്യാപാര രംഗത്തെ ഒരു സുപ്രധാന റോളില്‍ യു എ ഇ നിലകൊള്ളുന്നു. അചഞ്ചലമായ പ്രതിബദ്ധതയോടെ, ഉറച്ച മുദ്രാവാക്യത്തിലൂടെയാണ് യു എ ഇ മുന്നോട്ട് പോകുന്നത്. നമ്മള്‍ ചെയ്യുന്നത് പറയുന്നു, പറയുന്നത് ചെയ്യുന്നു. ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.