Connect with us

From the print

പ്രബീർ പുർകായസ്തക്കെതിരെ യു എ പി എ ; ന്യൂസ് ക്ലിക്കിനെതിരെ 8,000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഡൽഹി പോലീസ്

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്

Published

|

Last Updated

ന്യൂഡൽഹി | ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിനെതിരായ കേസിൽ 8,000 പേജ് വരുന്ന ആദ്യ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ. ഡൽഹി പട്യാല കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്തക്കെതിരെ യു എ പി എ പ്രകാരം നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ന്യൂസ് ക്ലിക്ക് എഡിറ്റർമാർ, സഹസ്ഥാപകർ, ജീവനക്കാർ എന്നിവരുടെ പേരുകൾ കുറ്റുപത്രത്തിലുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരായ അഖന്ദ് പ്രതാപ് സിംഗ്, സൂരജ് രാഥി എന്നിവരാണ് അഡീഷനൽ സെഷൻസ് ജഡ്ജ് ഡോ. ഹർദീപ് കൗറിന് മുമ്പാകെ കുറ്റപത്രം ഫയൽ ചെയ്തത്.

അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഘത്തിൽ നിന്ന് ന്യൂസ് ക്ലിക്കിനു വേണ്ടി പണം വാങ്ങി എന്നാണ് പ്രബീർ പുർകായസ്തക്കെതിരെയുള്ള ആരോപണം. ചൈനയെ പുകഴ്ത്തുകയും ചൈനീസ് നിലപാടുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് ഫണ്ട് ഒഴുകുന്നുവെന്ന ന്യൂയോർക്ക് ടൈംസ് റിപോർട്ടിന്റെ ചുവടുപിടിച്ചാണ് കേസ്. ഇത്തരത്തിൽ ന്യൂസ് ക്ലിക്കിൽ പണം എത്തിയെന്ന ആരോപണത്തിൽ പ്രബീർ പുർകയാസ്തയെ ഡൽഹി പോലീസ് ഒക്ടോബർ മൂന്നിന് അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഒക്ടോബർ മൂന്നിന് നടന്ന മണിക്കൂറുകൾ നീണ്ട പരിശോധനക്കൊടുവിൽ ന്യൂസ് ക്ലിക്കിലെ 46 മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യുകയും അവരുടെ ഫോണുകൾ അടക്കമുള്ള 300ലേറെ ഡിജിറ്റൽ ഉപകരണങ്ങൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ന്യൂസ് ക്ലിക്ക് എച്ച് ആർ മേധാവി അമിത് ചക്രവർത്തിയും അറസ്റ്റിലായവരിലുൾപ്പെടും.

2019ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസം എന്ന ഗ്രൂപ്പുമായി പുർകായസ്ത ഗൂഢാലോചന നടത്തിയെന്നും രാജ്യത്തിന്റെ പരമാധികാരം തകർക്കാൻ വിദേശ ഫണ്ട് ഒഴുക്കാൻ ചൈനീസ് കമ്പനികളായ ഷവോമിയും വിവോയും അനധികൃതമായി ഷെൽ കമ്പനികളെ ഉൾപ്പെടുത്തിയെന്നും ഡൽഹി പോലീസ് പറയുന്നു.

Latest