udaipur murder
ഉദയ്പൂര്‍ കൊലപാതകം: രാജസ്ഥാനില്‍ മുഴുവന്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
സംസ്ഥാനത്ത് ഒരു മാസത്തേക്ക് വന്‍തോതില്‍ ആളുകള്‍ ഒത്തുകൂടുന്നതും നിരോധിച്ചിട്ടുണ്ട്.
ഉദയ്പൂര്‍ | ഉദയ്പൂരില്‍ തയ്യല്‍ക്കടക്കാരനെ രണ്ട് പേര്‍ കഴുത്തറുത്ത് കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ മുഴുവന്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. 24 മണിക്കൂര്‍ നേരത്തേക്കാണ് സംസ്ഥാനവ്യാപകമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. മാത്രമല്ല, സംസ്ഥാനത്ത് ഒരു മാസത്തേക്ക് വന്‍തോതില്‍ ആളുകള്‍ ഒത്തുകൂടുന്നതും നിരോധിച്ചിട്ടുണ്ട്. നേരത്തേ ഉദയ്പൂര്‍ ജില്ലയില്‍ മാത്രമായിരുന്നു 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്.
തയ്യല്‍ കടക്കാരനെ പട്ടാപ്പകലാണ് വെട്ടിക്കൊലപ്പെടുത്തിയത്. കയ്യലാല്‍ തെലി (40) എന്നയാളാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. രണ്ടു പ്രതികളെയും രാജ്‌സമന്ദിൽ നിന്ന് അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അൻസാരി എന്നിവരാണ് അറസ്റ്റിലായത്.
പ്രവാചക നിന്ദ പരാമര്‍ശത്തെ തുടര്‍ന്ന് ബി ജെ പി പുറത്താക്കിയ നുപൂര്‍ ശര്‍മയെ അനുകൂലിച്ച് കനയ്യലാല്‍ തെലി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇതാണ് പ്രതികളെ പ്രകോപിച്ചതെന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഹാത്തിപോള്‍, ഘണ്ടാഘര്‍, അശ്വനി ബസാര്‍, ഡെഹ്ലി ഗേറ്റ്, മാല്‍ദാസ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. രാജസ്ഥാനില്‍ മുഴുവന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.