Connect with us

National

രാഷ്ട്രപതിയെ പുതിയ പാര്‍ലമെന്റിലേക്ക് ക്ഷണിക്കാത്തതിനെ ചോദ്യം ചെയ്ത് ഉദയനിധി സ്റ്റാലിന്‍

ഡിഎംകെ സ്ഥാപിച്ചത് സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യുക എന്ന തത്വത്തിലാണെന്ന് ഉദയനിധി സ്റ്റാലിന്‍

Published

|

Last Updated

ചെന്നൈ| പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാത്തതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. രാഷ്ട്രപതി മുര്‍മു വിധവയും ഗോത്രവര്‍ഗക്കാരിയുമായതാണ് അസാന്നിധ്യത്തിന് കാരണം. ഇതിനെയാണ് നമ്മള്‍ സനാതന ധര്‍മ്മം എന്ന് വിളിക്കുന്നതെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ഏകദേശം 800 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം ഒരു സ്മാരക പദ്ധതിയാണ്. പക്ഷേ രാഷ്ട്രപതി ഇന്ത്യയുടെ പ്രഥമ പൗരനായിരുന്നിട്ടും അവര്‍ക്ക് ക്ഷണം ലഭിച്ചില്ല.

കൂടാതെ, പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചപ്പോള്‍ ഹിന്ദി നടിമാരെ ക്ഷണിച്ചിരുന്നു. വ്യക്തിപരമായ സാഹചര്യങ്ങള്‍ കാരണം രാഷ്ട്രപതിയെ ഒഴിവാക്കിയെന്നും ഉദയനിധി ചൂണ്ടിക്കാട്ടി. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തു. ചടങ്ങിനായി തമിഴ്‌നാട്ടില്‍ നിന്ന് ബിജെപിക്ക് സന്യാസികളെ ലഭിച്ചു. പക്ഷേ രാഷ്ട്രപതി വിധവയായതിനാലും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളതിനാലും അവരെ ക്ഷണിച്ചില്ല. ഇതാണോ സനാതന ധര്‍മ്മം? ഞങ്ങള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നത് തുടരുമെന്നും മധുരയില്‍ നടന്ന ഒരു പരിപാടിയില്‍ ഉദയനിധി പറഞ്ഞു.

സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള തന്റെ ആദ്യ പരാമര്‍ശങ്ങളിലെ വിവാദത്തെ കുറിച്ചും ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. ആളുകള്‍ എന്റെ തലയ്ക്ക് വില നിശ്ചയിച്ചു. അത്തരം കാര്യങ്ങളില്‍ ഞാന്‍ ഒരിക്കലും വിഷമിക്കില്ല. ഡിഎംകെ സ്ഥാപിച്ചത് സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യുക എന്ന തത്വത്തിലാണ്. ഞങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ലെന്നും ഉദയനിധി വ്യക്തമാക്കി.