Connect with us

National

ജെഎന്‍യുവിലേത് പോലെ ജൂണ്‍ നാലിന് ബിജെപിയെ ഇന്ത്യ മുന്നണി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളിക്കളയുമെന്ന് ഉദയനിധി സ്റ്റാലിന്‍

ജെഎന്‍യു യൂണിയന്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന് ഇടത് വിദ്യാര്‍ത്ഥി സഖ്യത്തെ അദ്ദേഹം അഭിനന്ദിച്ചു

Published

|

Last Updated

ചെന്നൈ | ജെഎന്‍യുവിലേത് പോലെ ഇന്ത്യ മുന്നണി ബിജെപിയെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളിക്കളയുമെന്ന് തമിഴ്നാട് യുവജന-കായിക മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ജൂണ്‍ നാലിന് ഇത് തെളിയിക്കും. ജെഎന്‍യു യൂണിയന്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന് ഇടത് വിദ്യാര്‍ത്ഥി സഖ്യത്തെ അദ്ദേഹം അഭിനന്ദിച്ചു. എബിവിപിക്കെതിരായ വിജയം പുരോഗമന വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആത്മവിശ്വാസം പ്രകടമാക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എസ്എഫ്ഐ, എഐഎസ്എ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നിവര്‍ ചേര്‍ന്ന ഇടത് മുന്നണിയാണ് ജെഎന്‍യുവില്‍ വിജയിച്ചത്. ഐസ നേതാവ് ധനഞ്ജയാണ് വിദ്യാര്‍ത്ഥി യൂണിയന്റെ പുതിയ പ്രസിഡന്റ്. 922 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. ധനഞ്ജയ് 2598 വോട്ട് നേടിയപ്പോള്‍ എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീര 1676 വോട്ടുകള്‍ നേടി രണ്ടാമതെത്തി.

ബിഹാറില്‍ നിന്നുള്ള പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ധനഞ്ജയ് . നാല് വര്‍ഷത്തിന് ശേഷമാണ് ജെഎന്‍യുവില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ എബിവിപി ലീഡ് നേടിയിരുന്നു. 2000 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എബിവിപി ആയിരിന്നു നാല് സീറ്റുകളിലും ലീഡ് ചെയ്തിരുന്നത്. പിന്നീട് വ്യക്തമായ ലീഡ് നേടി ഇടത് സഖ്യം ഭരണം നിലനിര്‍ത്തുകയായിരുന്നു.

 

Latest