Connect with us

National

ഉദ്ദവ് താക്കറെ വിഭാഗത്തിന് തിരിച്ചടി; പാര്‍ട്ടി ചിഹ്നത്തിനും പേരിനുമായി തയ്യാറാക്കിയ വ്യാജ സത്യവാങ്മൂലങ്ങള്‍ പിടികൂടി

അഞ്ച് ലക്ഷം സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കുമെന്ന് താക്കറെ വിഭാഗം അവകാശപ്പെട്ടിരുന്നു

Published

|

Last Updated

മുംബൈ |  മഹാരാഷ്ട്രയില്‍ പാര്‍ട്ടി ചിഹ്നവും പേരും അനുവദിച്ചു കിട്ടുന്നതിനായ് ഉദ്ദവ് താക്കറെ വിഭാഗം തയ്യാറാക്കിയ വ്യാജ സത്യവാങ്മൂലങ്ങള്‍ പോലീസ് പിടിച്ചെടുത്തു.തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ രേഖകള്‍ ആണ് പിടിച്ചെടുത്തത്.സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

പാര്‍ട്ടി പേരും ചിഹ്നവും അനുവദിച്ചുകിട്ടുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിക്കുന്നതിനായാണ് വ്യാജ സത്യവാങ്മൂലങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് പോലീസ് വ്യ്ക്തമാക്കി.4682 വ്യാജ സത്യവാങ്മൂലങ്ങളും റബ്ബര്‍ സ്റ്റാമ്പുകളുമാണ് മുംബൈ നിര്‍മല്‍ നഗര്‍ പോലീസ് പിടികൂടിയത്. ഒന്നരലക്ഷത്തോളം സത്യവാങ്മൂലങ്ങള്‍ ഉദ്ദവ് ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചിരുന്നു.

അഞ്ച് ലക്ഷം സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കുമെന്ന് താക്കറെ വിഭാഗം അവകാശപ്പെട്ടിരുന്നു. വ്യാജസത്യവാങ്മൂലങ്ങള്‍ പിടിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളും വിശദമായി പരിശോധിക്കണമെന്ന് ഷിന്‍ഡെ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

ശിവസേന എന്ന പേരിനായി ജൂലൈ 19ന് ഏകനാഥ് ഷിന്‍ഡെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ അപേക്ഷ നല്‍കിയത്. നിലവില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.

 

Latest