political crisis in maharashtra
രാജിവെക്കാന്‍ തയ്യാര്‍; കസേരക്ക് വേണ്ടി കടിപിടി കൂടാനില്ലെന്ന് ഉദ്ദവ് താക്കറെ
മുഖ്യമന്ത്രിയെന്ന നിലയില്‍ ഏതെങ്കിലും ഒരു എം എല്‍ എ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ രാജിവെക്കുമെന്ന് ഉദ്ദവ് പറഞ്ഞു.
മുംബൈ | അധികാര കസേരക്ക് വേണ്ടി കടിപിടി കൂടാനില്ലെന്നും ഹിന്ദുത്വയെ ഒരിക്കലും ശിവസേന ഉപേക്ഷിക്കില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മന്ത്രിസഭാംഗം ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം എം എല്‍ എമാര്‍ വിമതനീക്കം ഊര്‍ജിതമാക്കിയ പശ്ചാത്തലത്തില്‍ ആദ്യമായി പൊതുപ്രതികരണം നടത്തുകയായിരുന്നു അദ്ദേഹം. കൊവിഡ് ബാധിച്ചതിനാല്‍ ഫേസ്ബുക്ക് ലൈവിലായിരുന്നു പാര്‍ട്ടിയംഗങ്ങളെ അഭിസംബോധന ചെയ്തത്.
മുഖ്യമന്ത്രിയെന്ന നിലയില്‍ ഏതെങ്കിലും ഒരു എം എല്‍ എ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ രാജിവെക്കുമെന്ന് ഉദ്ദവ് പറഞ്ഞു. രാജിക്കത്ത് എഴുതി തയ്യാറാക്കിയിട്ടുണ്ട്. സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നുവെന്ന് നിങ്ങള്‍ പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏക്‌നാഥ് ഷിന്‍ഡെയുടെ കൂടെ പോയ എം എല്‍ എമാരുടെ ഫോണ്‍വിളികള്‍ തനിക്ക് ലഭിക്കുന്നുണ്ട്. ബലംപ്രയോഗിച്ചാണ് കൊണ്ടുപോയതെന്ന് അവര്‍ പരാതിപ്പെടുന്നുവെന്നും താക്കറെ പറഞ്ഞു. ഏക്‌നാഥ് ഷിന്‍ഡെക്ക് പിന്തുണ പ്രഖ്യാപിച്ച് 34 എം എല്‍ എമാര്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കിയതിന് പിന്നാലെയാണ് ഉദ്ദവിൻ്റെ പ്രതികരണം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് എം എൽ എമാരുടെ യോഗം ഉദ്ദവ് വിളിച്ചിരുന്നു. ഈ യോഗം അസാധുവാണെന്ന് ഷിന്‍ഡെ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഇതോടെ ശിവസേനയിൽ പിളർപ്പ് ആസന്നമായി.