udhav thakre
ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവെച്ചു; ആഘോഷവുമായി ബി ജെ പി ക്യാമ്പ്
മന്ത്രിമാരെയും അനുയായികളെയും കൂട്ടി അദ്ദേഹം രാജ്ഭവനിലെത്തി ഗവർണർ ഭഗത് സിംഗ് കോശിയാരിക്ക് രാജി സമർപ്പിച്ചു.

മുംബൈ | മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉദ്ധവ് താക്കറെ രാജിവച്ചു. സ്വന്തം പാളയത്തിലെ ഒപ്പമുള്ളവര്‍ ചതിച്ചുവെന്നും സഖ്യകക്ഷികളായ കോണ്‍ഗ്രസിനും എന്‍ സി പിക്കും നന്ദി പ്രകാശിപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. അഭിസംബോധനക്ക് ശേഷം മന്ത്രിമാരെയും അനുയായികളെയും കൂട്ടി അദ്ദേഹം രാജ്ഭവനിലെത്തി ഗവർണർ ഭഗത് സിംഗ് കോശിയാരിക്ക് രാജി സമർപ്പിച്ചു. രാജി ഉടനെ ഗവര്‍ണര്‍ സ്വീകരിച്ചു. അടുത്ത സർക്കാർ ചുമതലയേൽക്കും വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഉദ്ധവിനോട് ഗവർണർ അഭ്യർഥിച്ചു.
മാതോശ്രീയിൽ നിന്ന് സ്വയം കാറോടിച്ചാണ് അദ്ദേഹം രാജ്ഭവനിലേക്ക് അർധരാത്രിയോടെ എത്തിയത്. ഇതോടെ രണ്ടര വര്‍ഷം നീണ്ട ശിവസേന- കോണ്‍ഗ്രസ്- എന്‍ സി പി കക്ഷികളുടെ മഹാ അഘാഡി സഖ്യ സര്‍ക്കാര്‍ നിലംപതിച്ചു. മുഖ്യമന്ത്രിപദത്തിനൊപ്പം എം എല്‍ സി അംഗത്വവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. സഭയില്‍ വിശ്വാസം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം ചോദ്യം ചെയ്ത് ഉദ്ധവ് പക്ഷം സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി അര മണിക്കൂറിനകമാണ് ഉദ്ധവ് രാജിവെച്ചത്. വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. സുപ്രീം കോടതി വിധി മാനിക്കുന്നതായും ജനാധിപത്യ രീതി പിന്തുടരുമെന്നും ഉദ്ധവ് പറഞ്ഞു.
ശിവസേനാ നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരാഴ്ചയിലധികമായി നടത്തിയ വിമത നാടകമാണ് ഉദ്ധവിന്റെ രാജിയില്‍ കലാശിച്ചത്. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം എം എല്‍ എമാര്‍ ആദ്യം ഗുജറാത്തിലെ സൂറത്തിലും പിന്നീട് അസമിലേക്കും പോകുകയായിരുന്നു. മഹാ അഘാഡി സഖ്യം ഒഴിവാക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള 39 എം എല്‍ എമാര്‍ അസമില്‍ നിന്ന് ഗോവയിലെത്തിയിട്ടുണ്ട്. ഇതോടെ ഉദ്ധവ് പക്ഷത്തുള്ള നിയമസഭാംഗങ്ങളുടെ എണ്ണം 15 ആയി ചുരുങ്ങി.
അതിനിടെ, ആഘോഷവുമായി ബി ജെ പി രംഗത്തെത്തി. മുംബൈയിലെ താജ് പ്രസിഡന്റ് ഹോട്ടലിലാണ് ബി ജെ പി നേതാക്കളായ ദേവേന്ദ്ര ഫഡ്‌നാവിസും ചന്ദ്രകാന്ത് പാട്ടീലും അനുയായികളും ആഘോഷം നടത്തുന്നത്. ഇവിടെ നിയമസഭാകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. ബി ജെ പിയുടെ നേതൃത്വത്തില്‍ വരുന്ന സര്‍ക്കാറിന് ഫഡ്‌നാവിസാണ് നേതൃത്വം നല്‍കുക. ഇതോടെ, കർണാടക, ഗോവ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ സംഭവിച്ചതുപോലെ ഭരണം അട്ടിമറിക്കാൻ മഹാരാഷ്ട്രയിലും ബി ജെ പിക്ക് സാധിച്ചു.