From the print
മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ ഉദ്ധവ്; എതിർത്ത് ശരദ് പവാർ
. ഉദ്ധവിനെ സഖ്യത്തിന്റെ മുഖ്യമന്ത്രി മുഖമായി പ്രഖ്യാപിക്കണമെന്ന് അടുത്തിടെ സേനാ എം പി സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരുന്നു.
മുംബൈ | മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാ വികാസ അഘാഡി (എം വി എ) സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ശിവസേന (യു ബി ടി) നേതാവ് ഉദ്ധവ് താക്കറെയെ പ്രഖ്യാപിക്കാനുള്ള നീക്കം എതിർത്ത് എൻ സി പി (എസ് പി) നേതാവ് ശരദ് പവാർ. ഉദ്ധവിനെ സഖ്യത്തിന്റെ മുഖ്യമന്ത്രി മുഖമായി പ്രഖ്യാപിക്കണമെന്ന് അടുത്തിടെ സേനാ എം പി സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരുന്നു.
“ഞങ്ങളുടെ സഖ്യം കൂട്ടായ മുഖമാണെന്നും ഒരാൾ മുഖ്യമന്ത്രി മുഖമാകില്ലെന്നും പവാർ പറഞ്ഞു. കൂട്ടായ നേതൃത്വമാണ് ഞങ്ങളുടെ ഫോർമുല. നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് യാതൊന്നും ചർച്ച ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സഖ്യത്തിലെ മൂന്ന് കക്ഷികളും ചേർന്ന് തീരുമാനം കൈക്കൊള്ളും. ലോക്സഭാ തിരഞ്ഞെടുപ്പിൽ എ എ പി, കമ്മ്യൂണിസ്റ്റ് പാർട്ടികൾ, പി ഡബ്ല്യു പി തുടങ്ങിയവ സഖ്യത്തെ സഹായിച്ചിട്ടുണ്ട്. ഇവരെയെല്ലാം സഖ്യത്തിൽ ഉൾപ്പെടുത്താൻ തയ്യാറാണ്. മോദിയെ എതിർക്കുന്നവരെല്ലാം സഖ്യത്തെ സഹായിക്കണമെന്നും പവാർ കോലാപൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി മുഖമില്ലാതെ മത്സരിക്കുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന്, പവാറിന്റെ നിലപാട് പുറത്തുവന്നതിന് പിന്നാലെ റാവത്ത് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിൽ ഇന്ത്യ സഖ്യത്തിന് 25 മുതൽ 30 വരെ സീറ്റുകൾ അധികം നേടാൻ സാധിക്കുമായിരുന്നു. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.