Kerala
തോമസ് ഐസക്കിനെതിരെ വീണ്ടും പരാതിയുമായി യു ഡി എഫ്
കുടുംബശ്രീ സംവിധാനത്തെ ഉപയോഗിച്ച് തോമസ് ഐസക്ക് വീണ്ടും പെരുമാറ്റ ചട്ടം ലംക്ഷിച്ചിരിക്കുന്നു എന്നാണ് യു ഡി എഫ് നേതാക്കളുടെ ആരോപണം.
പത്തനംതിട്ട | പത്തനംതിട്ടയിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി തോമസ് ഐസക്ക് തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് പ്രചാരണം നടത്തിവരുന്നു എന്ന പരാതിയുമായി യു ഡി എഫ്. സര്‍ക്കാര്‍ സംവിധാനമായ കുടുംബശ്രീ സംവിധാനത്തെ ഉപയോഗിച്ച് തോമസ് ഐസക്ക് വീണ്ടും പെരുമാറ്റ ചട്ടം ലംക്ഷിച്ചിരിക്കുന്നു എന്നാണ് യു ഡി എഫ് നേതാക്കളുടെ ആരോപണം.
‘എന്നും കുടുംബശ്രീക്കൊപ്പം’ എന്ന തലക്കെട്ടോടുകൂടി കുടുംബശ്രീ പ്രവര്‍ത്തകരെ കൂടെ നിര്‍ത്തി ഫോട്ടോ എടുത്തും അവരെ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് കൊണ്ടും ഭീഷണിപ്പെടുത്തിയും യോഗങ്ങള്‍ സംഘടിപ്പിച്ചും അത് മാധ്യമങ്ങള്‍ക്കൊപ്പം വിതരണം ചെയ്യുകയാണെന്നും ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പരാതിയില്‍ പറയുന്നു. തോമസ് ഐസക്കിനെ വിജയിപ്പിക്കുക എന്ന തലക്കെട്ടോടുകൂടി ഇറങ്ങുന്ന ലഘുലേഖകള്‍ ഏത് പ്രസ്സില്‍ എത്ര കോപ്പി അച്ചടിച്ചുവെന്നോ ഒന്നും തന്നെ രേഖപ്പെടുത്തിയതായി കാണുന്നില്ല എന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. ഈ പത്ര പേജുകള്‍ /ലഘുലേഖകള്‍ക്ക് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പ്രകാരമുള്ള യാതൊരു അനുമതിയും ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം ആരോപിക്കുന്നു. അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി നേടുന്ന അനുമതികള്‍ ചട്ടവിരുദ്ധമാണെന്നും അതിനാല്‍ തക്കതായ നടപടി സ്വീകരിക്കണമെന്നും ഡി സി സി പ്രസിഡന്റ് പരാതിയില്‍ ആവശ്യപ്പെട്ടു. ഉചിതമായ നടപടികള്‍ സ്വീകരിക്കാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും ഡി സി സി പ്രസിഡന്റ് അറിയിച്ചു.