Kerala
വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് തരൂര്‍ ഒഴിയണമെന്ന് യു ഡി എഫ് കണ്‍വീനര്‍
മണല്‍ ഖനനം, വന്യമൃഗ ശല്യം, ലഹരി മാഫിയ എന്നിവയെ കുറിച്ചൊന്നും ഒരക്ഷരം മിണ്ടാത്തയാളാണ് ശശി തരൂരെന്ന് വിമർശം

കോഴിക്കോട് | കേരളത്തിലെ വ്യവസായത്തെ പ്രകീര്‍ത്തിച്ച ശശി തരൂര്‍ എം പിക്കെതിരെ യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍. വ്യക്തിപരമായ കാര്യങ്ങള്‍ പറയണമെങ്കില്‍ തരൂര്‍ കോൺഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിശയോക്തി നിറഞ്ഞതാണ് ശശി തരൂര്‍ പറഞ്ഞ കാര്യങ്ങള്‍. അടിസ്ഥാന രഹിതവും അവാസ്തവവുമാണതെന്നും എം എം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. 30,000 വ്യവസായ യൂനിറ്റുകള്‍ വന്നുവെന്നാണ് തരൂര്‍ പറയുന്നതെന്നും ഗള്‍ഫ് മലയാളികള്‍ തിരിച്ച് വന്ന് തുടങ്ങിയതാണ് പലതുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
വ്യവസായം തുടങ്ങാന്‍ എത്ര കാലം പലരും കാത്തിരുന്നു. അവരെ ശശി തരൂര്‍ കണ്ടില്ല. ആന്തൂരില്‍ സാജന്‍ ആത്മഹത്യ ചെയ്തത് ശശി തരൂരിന് ഓര്‍മയുണ്ടോ?. സ്റ്റാര്‍ട്ടപ്പ് നന്നായി ചെയ്തത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. അഭിനന്ദിക്കുമ്പോള്‍ ശശി തരൂര്‍ ഉമ്മന്‍ ചാണ്ടി ചെയ്ത കാര്യങ്ങള്‍ മറന്നു. ഈ സര്‍ക്കാറിന്റെ കാലത്ത് ഒരു പുതിയ വന്‍കിട സംരംഭം ഉണ്ടായോയെന്നും ഹസന്‍ ചോദിച്ചു.
കടല്‍ മണല്‍ ഖനനത്തെ കുറിച്ചും വന്യമൃഗ ശല്യത്തെ കുറിച്ചും ലഹരി മാഫിയയെ കുറിച്ചും ഒരക്ഷരം മിണ്ടാത്തയാളാണ് ശശി തരൂര്‍. യു ഡി എഫ് ഇത്രയും കാലം പറഞ്ഞതിനെ ശശി തരൂര്‍ തള്ളി പറഞ്ഞു. തരൂര്‍ ഇമേജ് ശക്തിപ്പെടുത്താന്‍ പറഞ്ഞതാവാം. കുടിയേറ്റക്കാരെ കൈയാമം വെച്ച് കൊണ്ടുവന്നപ്പോള്‍ ഒരു പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിച്ചില്ല. ആ അന്താരാഷ്ട്ര നയങ്ങളെ ശശി തരൂര്‍ പ്രശംസിക്കുന്നു. ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് മനസിലാകുന്നില്ലെന്നും എം എം ഹസന്‍ വിമര്‍ശിച്ചു.