Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കുന്നതില്‍ വീഴ്ച വരുത്തിയത് യുഡിഎഫ് സര്‍ക്കാര്‍: കെ മുരളീധരന്‍ എം പി
പത്ത് വര്‍ഷം കാലാവധിയുള്ള കെ റെയില്‍ പദ്ധതി പൂര്‍ത്തിയാവുമ്പോഴേക്കും കേരളത്തില്‍ സിപിഎം ജീവിച്ചിരിക്കുമോ എന്ന് ഉറപ്പില്ലെന്നും മുരളീധരന്‍
കോഴിക്കോട് | നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ പേര് നല്‍കുന്നതില്‍ വീഴ്ച വരുത്തിയത് യുഡിഎഫ് സര്‍ക്കാരെന്ന് കെ മുരളീധരന്‍ എംപി . 2011 ലെ യുഡിഎഫ് സര്‍ക്കാറും കേന്ദ്രത്തിലുള്ള യുപിഎ സര്‍ക്കാരും ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മുരളീധരന്‍ ആരോപിച്ചു. തക്കസമയത്ത് വേണ്ടത് ചെയ്യാതെ അനുസ്മണ പരിപാടികളില്‍ വിലപിച്ചിട്ട് കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ കരുണാകരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.
മുരളീധരന്‍ പത്ത് വര്‍ഷം കാലാവധിയുള്ള കെ റെയില്‍ പദ്ധതി പൂര്‍ത്തിയാവുമ്പോഴേക്കും കേരളത്തില്‍ സിപിഎം ജീവിച്ചിരിക്കുമോ എന്ന് ഉറപ്പില്ലെന്നും മുരളീധരന്‍ പരിഹാസരൂപേണ പറഞ്ഞു. സ്വന്തം പോലീസിനെ ഗുണ്ടകളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയാത്ത പിണറായിയാണ് കെ റെയില്‍ വിരുദ്ധ സമരക്കാരെ കൈയേറ്റം ചെയ്യുമെന്ന് വീമ്പിളക്കുന്നതെന്നും മുരളീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ കെ റെയില്‍ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ചത് നിര്‍ഭാഗ്യകരമാണ്. പദ്ധതി പ്രായോഗികമല്ലെന്ന് പാര്‍ട്ടി നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയതാണ്. വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് അദ്ദേഹത്തിന് അയച്ച് കൊടുത്തതുമാണ്’. അതിനാല്‍ ഇക്കാര്യത്തില്‍ തരൂര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു.