Kerala
നിലമ്പൂരില്‍ യു ഡി എഫ് സജ്ജം; പാര്‍ട്ടിയുടെ എന്ത് തീരുമാനവും അംഗീകരിക്കുമെന്ന് ആര്യാടന്‍ ശൗക്കത്ത്
കോണ്‍ഗ്രസ്സ് ആരെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കും

മലപ്പുറം | നിലമ്പൂരില്‍ യു ഡി എഫ് തിരഞ്ഞെടുപ്പിന് സജ്ജമാണെന്നും പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും ആര്യാടന്‍ ശൗക്കത്ത്. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്. സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കാതെ സ്വയം സ്ഥാനാര്‍ഥി ആകരുതെന്ന് പിതാവ് പറയുമായിരുന്നെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസ്സ് ആരെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കും. 59 പുതിയ ബൂത്തുകള്‍ നിലമ്പൂരില്‍ ഉണ്ടായി. സംഘടനാ സംവിധാനം സജ്ജമാണ്. വോട്ട് ചേര്‍ക്കല്‍ ഉള്‍പ്പെടെ കാര്യക്ഷമമായി നടക്കുന്നുണ്ട്. മാധ്യമങ്ങളാണ് പല പ്രചാരണങ്ങള്‍ നടത്തുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്യാടന്‍ മുഹമ്മദ് കാണിച്ച പൈതൃകം നിലമ്പൂരിനുണ്ട്. മരിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് പതാക പുതപ്പിക്കാന്‍ മറക്കരുതെന്ന് പിതാവ് പറഞ്ഞിട്ടുണ്ട്. താനും മരിക്കുവോളം ഒരു കോണ്‍ഗ്രസ്സുകാരന്‍ തന്നെ ആയിരിക്കുമെന്നും ആര്യാടന്‍ ശൗക്കത്ത് വ്യക്തമാക്കി.