Ongoing News
കോഴഞ്ചേരി പഞ്ചായത്ത് ഭരണം യു ഡി എഫ് പിടിച്ചെടുത്തു; സാലി ഫിലിപ് പ്രസിഡന്റ്
നാലിനെതിരെ ആറ് വോട്ടുകള്‍ നേടിയാണ് സാലി ഫിലിപ്പ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

കോഴഞ്ചേരി \ കോഴഞ്ചേരി പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. പ്രസിഡന്റ് ആയി യു ഡി എഫിലെ സാലി ഫിലിപ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് 11 മണിയോടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാലിനെതിരെ ആറ് വോട്ടുകള്‍ നേടിയാണ് സാലി ഫിലിപ്പ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.എന്‍ സി പി അംഗം യു ഡി എഫിനൊപ്പം ചേര്‍ന്നപ്പോള്‍, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് അസാധുവായത് ഇടത് മുന്നണിക്ക് ഇരട്ട പ്രഹരമായി
ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന കോഴഞ്ചേരി പഞ്ചായത്ത് ഭരണസമിതിയില്‍ തുടക്കം മുതല്‍ക്കേ അസ്ഥിരതയാണ് നിലനിന്നിരുന്നത്. 13 അംഗ പഞ്ചായത്തില്‍ സി പി എംന് രണ്ടും ഘടകകക്ഷികളായ സി പി ഐ, ജനതാദള്‍, എന്‍ സി പി എന്നിവര്‍ക്ക് ഓരോന്നും അടക്കം എല്‍ ഡി എഫിന് 5 ഉം, കോണ്‍ഗ്രസിന് 3 ഉം കേരളാ കോണ്‍ഗ്രസിന് 2 ഉം അടക്കം യുഡിഎഫിന് 5 ഉം ബി ജെ പി ക്ക് 2 ഉം സീറ്റുകള്‍ ലഭിച്ചപ്പോള്‍ യു ഡി എഫ് സ്വതന്ത്രനായ കെ കെ വാസുവിന്റെ നിലപാട് നിര്‍ണ്ണായകമായി. ആദ്യം നറുക്കെടുപ്പിലൂടെ യു ഡി എഫിന് ലഭിച്ച പഞ്ചായത്ത് ഭരണം പിന്നീട് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പഞ്ചായത്ത് അംഗം റോയി ഫിലിപ്പ് വിമത സ്വരമുയര്‍ത്തുകയും ഇരു വിഭാഗങ്ങളുടെയും പിന്‍തുണയോടെ പ്രസിഡന്റാവുകയുമായിരുന്നു
അതിനിടെ കേരളാ കോണ്‍ഗ്രസിലെ മറ്റൊരു അംഗമായ സാലിഫിലിപ്പ് യു ഡി എഫിനൊപ്പം ചേര്‍ന്നതോടെ റോയി ഫിലിപ് രാജിവച്ചു. ഈ ഒഴിവിലേക്ക് ഇന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് കോഴഞ്ചേരി തെക്കേമല ടൗണ്‍ 12-ാം വാര്‍ഡ് അംഗമായ സാലിഫിലിപ്പ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
2 ബി ജെ പി അംഗങ്ങള്‍ വിട്ടുനിന്ന തിരഞ്ഞെടുപ്പില്‍ ആകെ 11 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് വിമതനായ കെ കെ വാസുവിനെ തങ്ങള്‍ക്കൊപ്പം ചേര്‍ത്ത് വിജയമുറപ്പിച്ചിരുന്ന എല്‍ ഡി എഫിനെ ഞെട്ടിച്ചു കൊണ്ട് എന്‍ സി പി അംഗം മേരിക്കുട്ടി യു ഡി എഫിനൊപ്പം ചേര്‍ന്നു. ഇതിന് പുറമേ എല്‍ഡിഎഫിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ സോണി കൊച്ചുതുണ്ടിയിലിന്റെ വോട്ട് അസാധുവാകുകയും ചെയ്തു. ബാലറ്റ് പേപ്പറിന്റെ മറുപുറത്ത് ഒപ്പിടാന്‍ മറന്ന് പോയതാണ് എല്‍ ഡി എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് അസാധുവാകാന്‍ കാരണമായത്. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, ഡി സി സി വൈസ്പ്രസിഡന്റ് അഡ്വ. കെ സുരേഷ് കുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, മണ്ഡലം പ്രസിഡന്റ് ജോമോന്‍ പുതുപറമ്പില്‍, ഡി സി സി നിര്‍വ്വാഹക സമിതി അംഗം അഡ്വ. ആര്‍ രാമചന്ദ്രന്‍നായര്‍ തുടങ്ങിയ നേതാക്കള്‍ സാലി ഫിലിപ്പിനെ അഭിനന്ദിച്ചു