Kerala
ലഹരിക്കെതിരെ സെക്രട്ടറിയേറ്റില്‍ ഉപവാസ സമരം നടത്തും; യു ഡി എഫ്
സംസ്ഥാന സര്‍ക്കാറിനെതിരെ സമരപരമ്പരയുമായി യു ഡി എഫ്

തിരുവനന്തപുരം | സംസ്ഥാനത്ത് ലഹരി വ്യാപനവും കൊലപാതകങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യു ഡി എഫ്. ക്രൈം നോ ഡ്രഗ്‌സ് എന്ന മുദ്രാവാക്യം ഉയര്‍ത്തി മാര്‍ച്ച് 5നു സെക്രട്ടറിയേറ്റിനു മുമ്പില്‍ ഉപവാസ സമരം നടത്തുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എംഎം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എസ് സി എസ് ടി ഫണ്ടുകള്‍ വെട്ടിക്കുറച്ചതിനും ന്യൂനപക്ഷ ഫണ്ട് കുറച്ചതിനുമെതിരെ മാര്‍ച്ച് 13ന് കൊച്ചിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യു ഡി എഫ് അറിയിച്ചു.
കടല്‍ മണല്‍ ഖനനത്തില്‍ എല്‍ ഡി എഫുമായി ചേര്‍ന്ന് സമരത്തിനില്ല. ഖനനത്തിന് എല്ലാ സഹായവും ചെയ്തത് സംസ്ഥാന സര്‍ക്കാറാണെന്നും അതിനാല്‍ സ്വന്തം നിലക്ക് സമരം ചെയ്യാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും എം എം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.