Connect with us

Kerala

യു ജി സിയുടെ കരട് ഭേദഗതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണം: ദേശീയ കണ്‍വന്‍ഷന്‍

ആരെയും വി സിയാക്കാന്‍ സാഹചര്യമൊരുക്കുന്ന യു ജി സി കരട് നിര്‍ദേശം ഭരണഘടനാ വിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Published

|

Last Updated

തിരുവനന്തപുരം: യു ജി സിയുടെ കരട് ഭേദഗതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ദേശീയ കണ്‍വന്‍ഷനിലൂടെ ആവശ്യപ്പെട്ട് കേരളം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത കണ്‍വന്‍ഷനിലാണ് ആവശ്യം ഉന്നയിച്ചത്. കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

അഭിപ്രായ വ്യത്യാസം പരസ്യമാക്കി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ കണ്‍വന്‍ഷന്‍ ബഹിഷ്‌കരിച്ചു. ഇതോടെ മലയാള സര്‍വകലാശാലയുടേത് ഒഴികെയുള്ള വി സിമാരും കണ്‍വന്‍ഷനില്‍ നിന്ന് വിട്ടുനിന്നു.

ആരെയും വി സിയാക്കാന്‍ സാഹചര്യമൊരുക്കുന്ന യു ജി സി കരട് നിര്‍ദേശം ഭരണഘടനാ വിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ചാന്‍സലര്‍മാരെ ഉപയോഗിച്ച് ബി ജെ പി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്രം രാഷ്ട്രീയ ഇടപെടല്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗവര്‍ണര്‍ കണ്‍വന്‍ഷനില്‍ നിന്ന് വിട്ടുനിന്നതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. യജമാനന്മാര്‍ക്കു വേണ്ടി ഗവര്‍ണര്‍മാര്‍ കേരളത്തിലുള്‍പ്പെടെ രാഷ്ട്രീയ ഇടപെടല്‍ നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാറിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും കണ്‍വന്‍ഷനില്‍ പ്രസംഗിച്ചു. ഇത്തരമൊരു കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചതില്‍ സംസ്ഥാന സര്‍ക്കാറിനെ സതീശന്‍ അഭിനന്ദിച്ചു. അടുത്ത കണ്‍വന്‍ഷന്‍ തെലങ്കാനയില്‍ സംഘടിപ്പിക്കുമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ഗമല്ലു പറഞ്ഞു. കര്‍ണാടക-തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

Latest