calicut university
കാലിക്കറ്റ് വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് യു ജി സി അംഗീകാരമായി
വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ 14 ബിരുദ പ്രോഗ്രാമുകളും 12 പി ജി പ്രോഗ്രാമുകളും ഉള്‍പ്പെടെ 24 പ്രോഗ്രാമുകള്‍ക്കാണ് യു ജി സി അംഗീകാരം
തേഞ്ഞിപ്പലം | കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം കോഴ്‌സുകള്‍ക്ക് യു ജി സി അംഗീകാരം നല്‍കിയത് 2025 – 26 അധ്യയന വര്‍ഷത്തേക്ക്. അഞ്ച് വര്‍ഷത്തേക്ക് അംഗീകാരം നല്‍കിയുള്ള യു ജി സി ഉത്തരവ് ഇന്നലെ യൂനിവേഴ്‌സിറ്റിക്ക് ലഭിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ 14 ബിരുദ പ്രോഗ്രാമുകളും 12 പി ജി പ്രോഗ്രാമുകളും ഉള്‍പ്പെടെ 24 പ്രോഗ്രാമുകള്‍ക്കാണ് യു ജി സി അംഗീകാരം. പി ജി കോഴ്‌സുകളിലേക്കും പ്രവേശനത്തിന് നടപടിയായിട്ടുണ്ട്.
സ്ഥിരം അധ്യാപകരും ഡയറക്ടറുമില്ലെന്ന കാരണത്താല്‍ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കഴിഞ്ഞ വര്‍ഷം യു ജി സി അംഗീകാരം നല്‍കിയിരുന്നില്ല. അതിനാല്‍ പ്രൈവറ്റായാണ് വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കിയത്.
യു ജി സി ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിച്ചാണ് സർവകലാശാല അംഗീകാരം വീണ്ടെടുത്തത്. ബി എ പ്രോഗ്രാമുകളായ ഹിസ്റ്ററി, ഇകണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, അഫ്‌സല്‍ ഉല്‍ ഉലമ, ബി ബി എ, ബി കോം, എം എ പ്രോഗ്രാമുകളായ ഇകണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്‌സ്, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, അറബിക്, സംസ്‌കൃതം, എം കോം എന്നിവക്കാണ് അംഗീകാരം.