Connect with us

ugc net examination

യു ജി സി നെറ്റ് പരീക്ഷ റദ്ദാക്കി; ക്രമക്കേട് സംബന്ധിച്ച് സി ബി ഐ അന്വേഷണത്തിനു ശുപാര്‍ശ

നീറ്റിനു പിന്നാലെ നെറ്റിലും ക്രമക്കേട്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്നലെ നടന്ന യു ജി സി നെറ്റ് പരീക്ഷ എന്‍ ടി എ റദ്ദാക്കി. പരീക്ഷയുടെ സമഗ്രത നഷ്ടപ്പെട്ടതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ ടി എ ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണത്തിനായി വിഷയം സി ബി ഐക്ക് കൈമാറും. നീറ്റ് 2024 പരീക്ഷയില്‍ ക്രമക്കേടുകള്‍ പുറത്തു വരുന്നതിനു പിന്നാലെ നെറ്റ് പരീക്ഷയിലും സമാനമായ സംഭവം ഉണ്ടായത് രാജ്യത്തെ ഞെട്ടിച്ചു.

രാജ്യത്തെ 317 നഗരങ്ങളിലായി 1,205 പരീക്ഷാ കേന്ദ്രങ്ങളിലാണ് യു ജി സി-നെറ്റ് പരീക്ഷ നടത്തിയത്. 11 ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓഡിനേഷന്‍ സെന്ററില്‍ നിന്നുള്ള ഇന്‍പുട്ടുകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കിയന്നത്. പരീക്ഷയുടെ സമഗ്രതയില്‍ വിട്ടുവീഴ്ച ചെയ്തിരിക്കാമെന്ന് എന്‍ ടി എ അറിയിച്ചു.

പരീക്ഷാ പ്രക്രിയയില്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ സുതാര്യതയും പവിത്രതയും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചതെന്നു വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പുതിയ പരീക്ഷ പിന്നീട് നടത്തും. ഇതിന്റെ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും എന്‍ ടി എ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യന്‍ സര്‍വ്വകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസര്‍ കൂടാതെ, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ ആര്‍ എഫ്) തസ്തികയിലേക്കുള്ള യോഗ്യത നിര്‍ണ്ണയിക്കുന്നതിനാണ് യു ജി സി-നെറ്റ് പരീക്ഷ നടത്തുന്നത്.