National
യു ജി സി-നെറ്റ് ചോദ്യപേപ്പര്‍ ടെലഗ്രാമിലും ഡാര്‍ക് വെബിലും വിറ്റത് ആറ് ലക്ഷത്തിന്; 48 മണിക്കൂര്‍ മുന്‍പേ ചോര്‍ന്നു
വിദ്യാര്‍ഥികളില്‍ നിന്നും 5000 മുതല്‍ 10000 രൂപവരെ ഈടാക്കിയാണ് ടെലഗ്രാമിലൂടെ ചോദ്യപേപ്പര്‍ വില്‍പ്പന നടത്തിയത്.
ന്യൂഡല്‍ഹി | ജൂണ്‍ 18ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷ നടക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പേ ചോര്‍ന്നെന്ന് സിബിഐ കണ്ടെത്തി. ചോദ്യപേപ്പറുകള്‍ ഡാര്‍ക്ക് നെറ്റിലൂടെയും ടെലഗ്രാമിലൂടെയും ആറ് ലക്ഷം രൂപയ്ക്കാണ് വില്‍പന നടത്തിയതെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
ചോദ്യപേപ്പര്‍ ലീക്കായെന്ന പരാതിയെ തുടര്‍ന്ന് നെറ്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. അതേസമയം ചോദ്യപേപ്പര്‍ എവിടെ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ പറഞ്ഞു. ചോദ്യപേപ്പറിന്റെ ചോര്‍ച്ചയില്‍ ചില കോച്ചിങ് സെന്ററുകള്‍ക്ക് പങ്കുണ്ടെന്നും അതിന്റെ ഉടമസ്ഥര്‍ നിരീക്ഷണത്തിലാണെന്നും സിബിഐ പറഞ്ഞു.
വിദ്യാര്‍ഥികളില്‍ നിന്നും 5000 മുതല്‍ 10000 രൂപവരെ ഈടാക്കിയാണ് ടെലഗ്രാമിലൂടെ ചോദ്യപേപ്പര്‍ വില്‍പ്പന നടത്തിയത്. വില്‍പന നടത്തിയ സംഘത്തെ കുറിച്ച് സിബിഐക്ക് വിവിരം ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
രാജ്യത്തെ 1205 കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷക്ക് 11.21 ലക്ഷം പേരാണ് അപേക്ഷിച്ചത്.ഇതില്‍ 9,08,580 പേര്‍ പരീക്ഷ എഴുതിയിരുന്നു. 2018 മുതല്‍ ഓണ്‍ലൈനായിരുന്ന പരീക്ഷ ഇത്തവണ വീണ്ടും ഓഫ്‌ലൈന്‍ രീതിയിലേക്കു മാറ്റിയിരുന്നു. നാഷനല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റാണ് ചൊവ്വാഴ്ച നടന്ന പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് കേന്ദ്രം പരീക്ഷ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.