editorial
യു ജി സി ചട്ടപരിഷ്‌കരണം ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധം
ബി ജെ പിയുടെ രാഷ്ട്രീയ അജൻഡയായാണ് വൈസ് ചാൻസലർ നിയമന ചട്ടത്തിൽ വരുത്തുന്ന മാറ്റത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ബി ജെ പിക്ക് ഭരണത്തിലേറാൻ കഴിയാത്ത കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ പോലുള്ള സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഗവർണറെ ഉപയോഗപ്പെടുത്തി കാവിവത്കരിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
സർവകലാശാലകളിലെ വി സി നിയമനത്തിനുള്ള അധികാരം പൂർണമായും ചാൻസലറായ ഗവർണറിൽ നിക്ഷിപ്തമാക്കുന്ന തരത്തിൽ യു ജി സി ചട്ടങ്ങൾ പരിഷ്‌കരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. മന്ത്രിസഭയുടെ നിർദേശങ്ങൾക്ക് വിധേയമായിരിക്കണം ഗവർണറുടെ പ്രവർത്തനമെന്ന ഭരണഘടനാ കാഴ്ചപ്പാടിന് നിരക്കാത്തതും ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധവുമാണ് യു ജി സി ചട്ടപരിഷ്‌കരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാറുകളുടെ അവകാശം പൂർണമായും ഇല്ലാതാക്കുന്നതിനുള്ള ഗൂഢ പദ്ധതി യു ജി സി വഴി ഒളിച്ചുകടത്തുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. തമിഴ്‌നാട് സർക്കാർ കഴിഞ്ഞ ദിവസം യു ജി സി കരടിനെതിരെ പ്രമേയം പാസ്സാക്കി. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ കക്ഷിയായ എ ഐ എ ഡി എം കെയും പിന്തുണച്ചു. യു ജി സി കരട് നിയമമായാൽ സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുമെന്ന് എം കെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികളുടെ ആധിപത്യത്തിലുള്ള സംസ്ഥാന സർക്കാറുകളും ഗവർണർമാരും തമ്മിൽ രൂക്ഷമായ തർക്കം ഉടലെടുത്ത സാഹചര്യത്തിലാണ് നിയമനാധികാരം ഗവർണറിൽ നിക്ഷിപ്തമാക്കി യു ജി സി ചട്ടങ്ങൾ പരിഷ്‌കരിക്കാൻ കേന്ദ്രം തീരുമാനിച്ചത്. വൈസ് ചാൻസലർ നിയമനത്തിൽ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർക്കാറുകളും ഗവർണർമാരും തമ്മിൽ ഉടക്കിയിരുന്നു. തമിഴ്‌നാട്ടിൽ 13 സർവകലാശാലകളിലെ വി സി നിയമനവുമായി ബന്ധപ്പെട്ട് രൂക്ഷമായ പോരാണ് എം കെ സ്റ്റാലിൻ സർക്കാറും ഗവർണർ ആർ എൻ രവിയും തമ്മിൽ നടന്നത്. ഇതേത്തുടർന്ന് 2022 ഏപ്രിലിൽ തമിഴ്‌നാട് സർക്കാർ വി സി നിയമനാധികാരം സർക്കാറിൽ നിക്ഷിപ്തമാക്കുന്ന നിയമം പാസ്സാക്കി ഗവർണർക്ക് അയച്ചുകൊടുത്തു. മൂന്ന് സർവകലാശാലകളിൽ സർക്കാറിന്റെ അഭിപ്രായം തേടാതെ സ്വയേഷ്ടപ്രകാരം വി സിമാരെ നിയമിച്ചാണ് ആർ എൻ രവി ഇതിന് മറുപടി നൽകിയത്.
തമിഴ്‌നാട്ടിലെ പോലെ പശ്ചിമബംഗാളിലും സർവകലാശാലകളിലെ വി സി നിയമനാധികാരം സംസ്ഥാന സർക്കാറിലും മുഖ്യമന്ത്രിയിലും നിക്ഷിപ്തമാക്കുന്ന നിയമം പാസ്സാക്കിയിരുന്നു മമതാ ബാനർജി സർക്കാർ. പ്രധാനമന്ത്രിക്ക് കേന്ദ്ര സർവകലാശാലകളുടെ ചാൻസലറാകാമെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രിമാർക്ക് സംസ്ഥാന സർവകലാശാലകളുടെ ചാൻസലറായിക്കൂടാ എന്നായിരുന്നു ബില്ല് അവതരണ വേളയിൽ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യാബസുവിന്റെ ചോദ്യം. എങ്കിലും ബില്ലിൽ ഗവർണർ ഒപ്പിട്ടില്ല. പഞ്ചാബിൽ അഗ്രികൾച്ചറൽ സർവകലാശാലാ വി സിയായി സർക്കാർ ഡോ. സത്ബീർ സിംഗിനെ നിയമിച്ചതിനെ ചൊല്ലിയായിരുന്നു ഭഗവന്ത്മൻ സർക്കാറും ഗവർണർ ബൽവാരിലാലും തമ്മിൽ തർക്കം. യു ജി സി ചട്ടങ്ങൾ പാലിക്കാതെയും തന്റെ അനുമതിയില്ലാതെയുമാണ് നിയമനമെന്ന് ഗവർണർ കുറ്റപ്പെടുത്തി. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാറിന്റെ നടപടികളിൽ ഗവർണർ ഇടപെടേണ്ടെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി. 2018ലെ യു ജി സി വിജ്ഞാപനത്തിൽ വി സി നിയമനാധികാരം ആർക്കെന്ന് കൃത്യമായി പറയാത്തതാണ് ഭിന്നത ഉടലെടുക്കാൻ കാരണം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിജ്ഞാപനം ചെയ്ത യു ജി സി ചട്ടപരിഷ്‌കരണ കരട് പ്രകാരം വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള മൂന്നംഗ സെർച്ച് കമ്മിറ്റി ചെയർപേഴ്‌സനെ നിയമിക്കുന്നത് ചാൻസലർമാർ (സംസ്ഥാന ഗവർണർമാർ) ആയിരിക്കും. രണ്ടാമത്തെ അംഗത്തെ യു ജി സി ചെയർമാൻ നാമനിർദേശം ചെയ്യും. സിൻഡിക്കേറ്റ്, സെനറ്റ്, എക്‌സിക്യൂട്ടീവ് കൗൺസിൽ, ബോർഡ് ഓഫ് മാനേജ്‌മെന്റ്എന്നിങ്ങനെയുള്ള സമിതികളായിരിക്കും മൂന്നാമത്തെ അംഗത്തെ നിർദേശിക്കുന്നത്. അതാത് സംസ്ഥാന സർക്കാറുകളായിരുന്നു ഇതുവരെയും സെർച്ച് കമ്മിറ്റിയെ നിശ്ചയിച്ചിരുന്നത്. ചട്ടപരിഷ്‌കരണം നടപ്പായാൽ സംസ്ഥാന സർക്കാറിന് വി സി നിയമനത്തിൽ ഒരു പങ്കുമില്ലാതാകും. പുതിയ ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളെ യു ജി സി പദ്ധതികളിൽ നിന്ന് ഒഴിവാക്കുമെന്നും കരടിൽ മുന്നറിയിപ്പുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് ബിരുദ, ഓൺലൈൻ, വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് വിലക്കേർപ്പെടുത്തും. കേരളമുൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ഭരണത്തിലുളള സർക്കാറുകൾക്ക് കനത്ത തിരിച്ചടിയാണ് യു ജി സി ചട്ടപരിഷ്‌കരണ നീക്കം.
ബി ജെ പിയുടെ രാഷ്ട്രീയ അജൻഡയായാണ് വൈസ് ചാൻസലർ നിയമന ചട്ടത്തിൽ വരുത്തുന്ന മാറ്റത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ബി ജെ പിക്ക് ഭരണത്തിലേറാൻ കഴിയാത്ത കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ പോലുള്ള സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഗവർണറെ ഉപയോഗപ്പെടുത്തി കാവിവത്കരിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേരളത്തിലെ വി സി നിയമനങ്ങളിൽ അതാണല്ലോ മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. ആർ എസ് എസ് നിർദേശിക്കുന്നവരെയാണ് സർക്കാറിന്റെ നോമിനികളെ അവഗണിച്ച് കേരളത്തിലെ പല സർവകലാശാലകളിലും അദ്ദേഹം വി സിമാരായി നിയമിച്ചത്. സംസ്ഥാന സർക്കാറിന്റെ കീഴിലുള്ളതും സർക്കാർ ഫണ്ട് നൽകുന്നതുമായ സർവകലാശാലകളിൽ നിയമനം നടത്തുമ്പോൾ സർക്കാറുമായി ആലോചിക്കണമെന്ന നിയമപരമായ ബാധ്യതയോ ജനാധിപത്യപരമായ മര്യാദയോ അദ്ദേഹം പാലിച്ചില്ല. കെ ടി യു സർവകലാശാലയിലെ വി സിയായി അദ്ദേഹം നിയമിച്ചത് ബി ജെ പിയുടെ പോഷക സംഘടനയായ അധ്യാപക സംഘിന്റെ നേതാവിനെയായിരുന്നു. സംഘ്പരിവാർ സംഘടനയുടെ ഓഫീസിലെത്തി ഗോൾവാൾക്കറുടെ ഫോട്ടോക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചാണ് അദ്ദേഹം വി സിയായി ചാർജെടുക്കാൻ എത്തിയത്. യു ജി സി കരട് നിയമമായാൽ ഇത്തരം പ്രവണതകൾ പൂർവോപരി ശക്തിപ്പെടും.