From the print
പരിഷ്‌കരണവുമായി യു ജി സി; ബിരുദ കാലയളവ് കൂട്ടാം, കുറയ്ക്കാം
എ ഡി പി, ഇ ഡി പി രീതികള്‍ അവതരിപ്പിച്ചു. കരട് മാനദണ്ഡം ഉടന്‍ പുറത്തിറക്കും. ദൈര്‍ഘ്യം നിശ്ചയിക്കുക വിദ്യാര്‍ഥികളുടെ ക്രെഡിറ്റ് വിലയിരുത്തി
ന്യൂഡല്‍ഹി | നിശ്ചയിച്ച കാലയളവിനെക്കാള്‍ മുമ്പോ ശേഷമോ ബിരുദങ്ങള്‍ പൂര്‍ത്തിയാക്കാ ന്‍ അനുവദിക്കുന്ന പുതിയ രീതികള്‍ അവതരിപ്പിച്ച് യൂനിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യു ജി സി). ഇതിനാവശ്യമായ വ്യവസ്ഥകള്‍ അംഗീകരിച്ചതായി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ അറിയിച്ചു.
പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കരട് മാനദണ്ഡങ്ങള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായങ്ങള്‍ക്കായി ഉടന്‍ പുറത്തിറക്കും. പുതിയ രീതി പ്രകാരം വിദ്യാര്‍ഥികള്‍ ബിരുദം പൂര്‍ത്തിയാക്കാന്‍ ത്വരിത ബിരുദ പദ്ധതി (ആക്സിലറേറ്റഡ് ഡിഗ്രി പ്രോഗ്രാം- എ ഡി പി), വിസ്തൃത ബിരുദ പദ്ധതി (എക്സ്റ്റന്‍ഡ് ഡിഗ്രി പ്രോഗ്രാം- ഇ ഡി പി) എന്നീ വഴികള്‍ വാഗ്ദാനം ചെയ്യുന്നു.
എ ഡി പി പ്രോഗ്രാം ഉയര്‍ന്ന പ്രകടനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അധിക ക്രെഡിറ്റുകള്‍ നേടി നിശ്ചയിച്ച സമയ പരിധിക്ക് മുമ്പായി ബിരുദം നേടാന്‍ അവസരമൊരുക്കുന്നു. അതേസമയം, ഇ ഡി പി പ്രകാരം വ്യക്തിഗതമോ സാമ്പത്തികമോ അക്കാദമികമോ ആയ വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സമയമെടുത്ത് പിഴകളില്ലാതെ ബിരുദം പൂര്‍ത്തിയാക്കാനുള്ള അവസരം ലഭിക്കുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഡിഗ്രി പ്രോഗ്രാമുകളുടെ നിശ്ചിത സമയക്രമത്തിനു പകരം, വിദ്യാര്‍ഥികളുടെ പഠന കാലയളവ് കുറക്കാനോ നീട്ടാനോ ഉള്ള അവസരം ഉടന്‍ നല്‍കാനാകുമെന്ന് യു ജി സി ചെയര്‍മാന്‍ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠന കാലയളവ് കുറക്കാനോ വിപുലീകരിക്കാനോവുള്ള ഓപ്ഷന്‍ ഉപയോഗിക്കാന്‍ കഴിയും.
ഓരോ സെമസ്റ്ററിനും അധിക ക്രെഡിറ്റുകള്‍ നേടി കുറഞ്ഞ സമയത്തിനുള്ളില്‍ മൂന്ന് വര്‍ഷത്തെ അല്ലെങ്കില്‍ നാല് വര്‍ഷത്തെ ബിരുദം പൂര്‍ത്തിയാക്കാന്‍ എ ഡി പി വിദ്യാര്‍ഥികളെ അനുവദിക്കുന്നു. സെമസ്റ്ററില്‍ ക്രെഡിറ്റുകള്‍ കുറച്ച്, സമയമെടുത്ത് ബിരുദം പൂര്‍ത്തിയാക്കാന്‍ ഇ ഡി പി രീതി വിദ്യാര്‍ഥികളെ പ്രാപ്തരാക്കും.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് പരിഷ്‌കരണം. രണ്ട് പദ്ധതിക്ക് കീഴിലും ബിരുദ കാലയളവില്‍ സാധാരണയായി പൂര്‍ത്തിയാക്കേണ്ട മൊത്തത്തിലുള്ള ക്രെഡിറ്റ് വിദ്യാര്‍ഥികള്‍ നേടിയിരിക്കണം. ഇത്തരം പ്രോഗ്രാമുകള്‍ ആര്‍ക്കൊക്കെ തിരഞ്ഞെടുക്കാനാകുമെന്നതിനുള്ള യോഗ്യത വിലയിരുത്തുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമിതികള്‍ രൂപവത്കരിക്കും. എ ഡി പി, ഇ ഡി പി എന്നിവക്ക് കീഴില്‍ ഒന്നും രണ്ടും സെമസ്റ്ററിന്റെ അവസാനത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിക്കാനും അതിനനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നത് തിരഞ്ഞെടുക്കാനുമാണ് സമിതി.
സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തുകയുടെ പത്ത് ശതമാനം വരെ എ ഡി പി പ്രോഗ്രാമിനായി നീക്കിവെക്കാന്‍ കഴിയുമെന്നും യു ജി സി ചെയര്‍മാന്‍ വ്യക്തമാക്കി.