National
രണ്ട് ദിവസത്തെ സന്ദർശനത്തിന് യു കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നാളെ ഇന്ത്യയിലെത്തും
നാളെ ഗുജറാത്തിലെ അഹമ്മദാബാദിൽ എത്തുന്ന അദ്ദേഹം അവിടെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി | ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാളെ ഇന്ത്യയിലെത്തു. നാളെ ഗുജറാത്തിലെ അഹമ്മദാബാദിൽ എത്തുന്ന അദ്ദേഹം അവിടെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ – ബ്രിട്ടൺ വ്യാപാര ബന്ധങ്ങൾ സംബന്ധിച്ച് അദ്ദേഹം ചർച്ച ചെയ്യും. ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സംസ്ഥാനവും ബ്രിട്ടനിലെ ബ്രിട്ടീഷ്-ഇന്ത്യൻ ജനസംഖ്യയുടെ പകുതിയോളം പേരുടെയും പൂർവ്വിക ഭവനവുമായ ഗുജറാത്ത് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി സന്ദർശിക്കുന്നത് ഇതാദ്യമാണ്.
വെള്ളിയാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലെ ആചാരപരമായ സ്വീകരണത്തിന് ശേഷം ജോൺസൺ രാ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിക്കും. ഇതിന് ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമ മോദിയെ കാണും. ഇരു രാജ്യങ്ങളും തമ്മിൽ അടുത്ത പങ്കാളിത്തം വളർത്താനും സുരക്ഷാ സഹകരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്, തന്ത്രപ്രധാനമായ പ്രതിരോധം, നയതന്ത്ര, സാമ്പത്തിക പങ്കാളിത്തം എന്നിവയെക്കുറിച്ച് ഇരു നേതാക്കളും വിശദമായ ചർച്ചകൾ നടത്തും. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ബ്രിട്ടൻ പ്രധാനമന്ത്രി ചർച്ച നടത്തും. അതേ ദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് ഹൈദരാബാദ് ഹൗസിൽ ഇരുനേതാക്കളും സംയുക്ത പത്രക്കുറിപ്പ് ഇറക്കും.
ഈ വർഷം ആദ്യം ആരംഭിച്ച സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ചർച്ചകളിൽ പുരോഗതി കൈവരിക്കാൻ ജോൺസൻെറ സന്ദർശനം ഉപകരിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറയുന്നു.