International
റഷ്യയില്‍ യുക്രൈന്‍ വ്യോമാക്രമണം; ഇന്ധന ഡിപ്പോ തകര്‍ത്തു
യുക്രൈന്റെ രണ്ട് സൈനിക ഹെലികോപ്റ്ററുകളാണ് റഷ്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി ആക്രമണം നടത്തിയത്.
മോസ്‌കോ | റഷ്യക്ക് എതിരെ യുക്രൈന്‍ നടത്തിയ വ്യോമാക്രമണത്തില്‍ പടിഞ്ഞാറന്‍ റഷ്യയിലെ ഓയില്‍ ഡിപ്പോ തകര്‍ന്നു. റഷ്യന്‍ നഗരമായ ബെല്‍ഗോറോഡിലെ എണ്ണ ഡിപ്പോയാണ് തകര്‍ന്നത്. ഫെബ്രുവരി 24ന് യുദ്ധം ആരംഭിച്ച ശേഷം റഷ്യന്‍ മണ്ണില്‍ യുക്രൈന്‍ നടത്തുന്ന ആദ്യ വ്യോമാക്രമണമാണിത്.
യുക്രൈന്റെ രണ്ട് സൈനിക ഹെലികോപ്റ്ററുകളാണ് റഷ്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഡിപ്പോയിലെ രണ്ട് ജീവനക്കാര്‍ക്ക് പരുക്കേറ്റു. 170 അഗ്നിരക്ഷാ സംഘാംഗങ്ങള്‍ നടത്തിയ പരിശ്രമത്തിന് ഒടുവിലാണ് ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപ്പിടുത്തം അണക്കാനായതെന്ന് റഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു.
റഷ്യന്‍ എണ്ണ ഭീമന്‍മാരായ റോണ്‍ സോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഡിപ്പോയാണ് തകര്‍ന്നത്. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഡിപ്പോ സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തില്‍ നിന്ന് ജീവനക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചതായി കമ്പനി അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ റഷ്യയില്‍ ഇന്ധന ക്ഷമാത്തിന് സാധ്യതയെന്ന വാര്‍ത്തകള്‍ പ്രചരിച്ചത് പെട്രോള്‍ ബങ്കുകളില്‍ വന്‍ തിരക്കിനിടയാക്കി. ഇന്ധനം നിറയ്ക്കാന്‍ നൂറുക്കണക്കിന് വാഹനങ്ങളാണ് പല ബങ്കുകളിലും വരിനില്‍ക്കുന്നത്. എന്നാല്‍ ഇന്ധനക്ഷാമം ഇല്ലെന്നും ആവശ്യത്തിന് ഇന്ധനം സ്‌റ്റൊക്കുണ്ടെന്നും റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, യുക്രൈനിലെ ആറ് സൈനിക സങ്കേതങ്ങള്‍ ആക്രമണത്തില്‍ തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു. വന്‍ ആയുധശേഖരം നശിപ്പിക്കപ്പെട്ടതായും റഷ്യ അറിയിച്ചു.