Connect with us

Ongoing News

യുക്രൈന്‍; യുദ്ധമേഖലയിലെ അര്‍ബുദ രോഗബാധിതരായ കുട്ടികള്‍ക്ക് ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

അര്‍ബുദ രോഗബാധിതരായ 50 കുട്ടികളുടെ മൂലകോശം മാറ്റിവെക്കലിനാണ് സഹായം.

Published

|

Last Updated

ദാവൂസ് | യുക്രൈന്‍ അഭയാര്‍ഥികള്‍ക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് വി പി എസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍. അര്‍ബുദ രോഗബാധിതരായ 50 കുട്ടികളുടെ മൂലകോശം മാറ്റിവെക്കലിനാണ് സഹായം. യുദ്ധമേഖലയിലെ അര്‍ബുദ രോഗബാധിതരായ കുട്ടികള്‍ക്ക് ചികിത്സ ലഭിക്കാത്തത് സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മൂലകോശ ദാനത്തിന് ആളുകളെ കിട്ടാത്തത് ഈ കുട്ടികള്‍ക്കും കുടുംബത്തിനും പ്രതിസന്ധിയായി.

‘യുക്രൈന്‍ യുദ്ധബാധിതരെ സഹായിക്കുക എന്നത് ധാര്‍മിക ഉത്തരവാദിത്തമായി ഏറ്റെടുക്കുകയാണ്. യുദ്ധബാധിത മേഖലയില്‍ സുശക്തമായ തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. കാന്‍സര്‍ ചികിത്സക്ക് വിധേയരാകുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് യുദ്ധം ഏറ്റവും ദൗര്‍ഭാഗ്യകരമായി ബാധിച്ചത്. നൂറുകണക്കിനാളുകളെ ചികിത്സക്കായി മാറ്റിക്കഴിഞ്ഞു. ബുര്‍ജീല്‍ ഹോള്‍ഡിങ്സ് അവര്‍ക്ക് ആവശ്യമുള്ള ചികില്‍സ നല്‍കും.’ ഡോ. ഷംഷീര്‍ പറഞ്ഞു. യുദ്ധക്കെടുതികളെ തുടര്‍ന്ന് ചികിത്സ മുടങ്ങിയ നിരവധി കുട്ടികള്‍ക്ക് പ്രഖ്യാപനം ആശ്വാസമാകും.

ദാവൂസില്‍ ലോക സാമ്പത്തിക ഫോറം വാര്‍ഷിക യോഗത്തിനിടെയായിരുന്നു നിര്‍ണായക പ്രഖ്യാപനം. ഒരു മൂലകോശം മാറ്റിവെക്കല്‍ ചികിത്സക്ക് യു എ ഇയില്‍  2.20 ലക്ഷം ദിര്‍ഹമാണ് (46 ലക്ഷം രൂപ) ചെലവ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഡോ. ഷംഷീര്‍ വയലിലും വി പി എസ് ഹെല്‍ത്ത് കെയറും നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്. യു എ ഇ സര്‍ക്കാറിന്റെ സഹായത്തോടെ യെമന്‍ യുദ്ധത്തില്‍ പരുക്കേറ്റവര്‍ക്ക് 2018ല്‍ ഇന്ത്യയില്‍ ചികിത്സ നല്‍കിയിരുന്നു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനോടുള്ള ആദരവായി 100 സൗജന്യ ഹൃദയ ശസ്ത്രക്രിയകളും പ്രഖ്യാപിച്ചിരുന്നു.

 

Latest