From the print
റഷ്യൻ തലസ്ഥാനത്ത് യുക്രൈൻ ആക്രമണം
വലിയ ആക്രമണം ആദ്യം • വിമാനങ്ങൾ തിരിച്ചുവിട്ടു
മോസ്‌കോ | റഷ്യൻ തലസ്ഥാനമായ മോസ്‌കോ ലക്ഷ്യമാക്കി യുക്രൈന്റെ രൂക്ഷ ആക്രമണം. 34 ഡ്രോണുകളാണ് പതിച്ചത്. 2022ൽ റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ആക്രമണം മോസ്‌കോയിൽ നടക്കുന്നത്. അഞ്ച് പേർക്ക് പരുക്കേറ്റുവെന്നാണ് റിപോർട്ട്. നഗരത്തിലെ മൂന്ന് വിമാനത്താവളങ്ങളിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
അതേസമയം, യുക്രൈനിന്റെ 50 ഡ്രോണുകൾ ആകാശത്ത് വെച്ച് നശിപ്പിച്ചതായി റഷ്യൻ പ്രതിരോധ വിഭാഗം അറിയിച്ചു. യുക്രൈൻ ഭരണകൂടം എയർപ്ലെയിൻ ടൈപ്പ് ഡ്രോണുകൾ ഉപയോഗിച്ച് ഭീകരാക്രമണത്തിന് ശ്രമിച്ചുവെന്നാണ് റഷ്യൻ പ്രതിരോധ വിഭാഗം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
ഡോമോദെദോവോ, ഷറമെത്യേവോ, ഴുകോവ്‌സ്‌കി വിമാനത്താവളങ്ങളിൽ 36 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. പിന്നീട് സർവീസ് സാധാരണനിലയിലായെന്ന് റഷ്യയുടെ ഫെഡറൽ എയർപോർട്ട് ഏജൻസി അറിയിച്ചു.
അതിനിടെ, റഷ്യ 145 ഡ്രോണുകൾ അയച്ചതായി യുക്രൈൻ സൈന്യം അറിയിച്ചു. ഇവയിൽ 62 എണ്ണം തകർത്തു. മോസ്‌കോയിലെ സൈനിക സംഭരണ കേന്ദ്രങ്ങളെയാണ് തങ്ങൾ ആക്രമിച്ചതെന്നും യുക്രൈൻ പറയുന്നു.