International
യുക്രൈനിലെ ഇന്ധന സംഭരണി തകര്‍ത്തു; മരിയൂപോളിലെ തിയറ്റര്‍ ആക്രമണത്തില്‍ മരിച്ചത് 300 പേര്‍
ആക്രമണം രൂക്ഷമായ മരിയൂപോളില്‍ മാത്രം ഒരു ലക്ഷത്തോളം ആളുകള്‍ വെള്ളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതായി യുക്രൈന്‍
മോസ്‌കോ | റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനിലെ ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണകേന്ദ്രം തകന്നു. യുക്രൈനിലെ മിസൈല്‍ ഡിപ്പോ ആക്രമിച്ച് തകര്‍ത്തതിന് പിന്നാലെയാണ് ഇന്ധന സംഭരണിയും തകര്‍ത്തത്. വലിയ വിജയമായാണ് റഷ്യ ഇതിനെ വിശേഷിപ്പിക്കുന്നത്. അതിനിടെ, മരിയൂപോളിലെ തിയറ്ററിന് നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 300 അഭയാര്‍ഥികള്‍ മരിച്ചതായി യുക്രൈന്‍ അറിയിച്ചു. മാര്‍ച്ച് 16നായിരുന്നു തിയറ്ററിന് നേരെ ആക്രമണം നടന്നത്.
റഷ്യയുടെ യുക്രൈന്‍ അധിനിവേശം ഒരു മാസം പിന്നിടുമ്പോള്‍ ആക്രമണം ശക്തമായി തുടരുക തന്നെയാണ്. യുക്രൈനിന്റെ വലിയൊരു ഭാഗവും യുദ്ധത്തില്‍ തകര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ആക്രമണം രൂക്ഷമായ മരിയൂപോളില്‍ മാത്രം ഒരു ലക്ഷത്തോളം ആളുകള്‍ വെള്ളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതായി യുക്രൈന്‍ പറഞ്ഞു.
ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈനെതിരായ ആക്രമണം തുടങ്ങിയത്. തുടക്കത്തില്‍ പീരങ്കികള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെങ്കില്‍ ഇപ്പോഴത് അതിമാരക ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈലുകളില്‍ എത്തിനില്‍ക്കുന്നു. സമാനതകളില്ലാത്ത ഈ ആക്രമണത്തിന്റെ ഫലമായി യുക്രൈനില്‍ നിന്ന് അയല്‍ രാജ്യങ്ങളിലേക്ക് ഒഴുകിയ അഭയാര്‍ഥികളുടെ എണ്ണം 35 ലക്ഷം കടന്നു.
ഐക്യരാഷ്ട്രസഭ അവിടത്തെ സ്ഥിതിഗതികളില്‍ നിരന്തരം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അടുത്തിടെ റഷ്യയ്‌ക്കെതിരെ യുഎസ് കൂടുതല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല.