International
സപ്പോറിജിയ ആണവ നിലയത്തിനുനേരെ യുക്രൈന്‍ ഡ്രോണാക്രമണം നടത്തി; റഷ്യ
അതേസമയം ആണവനിലയത്തിനുനേരെ യുക്രൈന്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് യുക്രൈന്‍ പ്രതിരോധ ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കി.
മോസ്‌കോ| തങ്ങളുടെ തെക്കന്‍ യുക്രൈനിലെ സപ്പോറിജിയ ആണവ നിലയത്തിനുനേരെ യുക്രൈന്‍ ഡ്രോണാക്രമണം നടത്തിയതായി റഷ്യ. 2022ലെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യ പിടിച്ചെടുത്തതാണ് ഈ ആണവനിലയം. ആക്രമണം ആണവ നിലയത്തിന്റെ ഒരു റിയാക്ടറിനെ ബാധിച്ചതായി റഷ്യ ആരോപിച്ചു.
ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് റഷ്യയുടെ ആണവ ഏജസിയായ റൊസാറ്റം വ്യക്തമാക്കി. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അണുവികിരണം സാധാരണ നിലയിലാണെന്നും ആണവനിലയത്തിന് ഗുരുതരമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
യൂറോപ്പിലെ ഏറ്റവും വലിയ ആണവ സംവിധാനമാണ് സപ്പോറിജിയ. ആണവനിലയത്തിനുനേരെ ആക്രമണമുണ്ടായതായി റഷ്യന്‍ വിദഗ്ധര്‍ അറിയിച്ചതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് റിയാക്ടറുകളിലൊന്നിന് നേരെയാണ് ആക്രമണമുണ്ടായതെന്നും പോസ്റ്റില്‍ പറയുന്നു. അതേസമയം ആണവനിലയത്തിനുനേരെ യുക്രൈന്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് യുക്രൈന്‍ പ്രതിരോധ ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കി.