International
റഷ്യയില്‍ വ്യാപക ഡ്രോണ്‍ ആക്രമണം നടത്തി യുക്രൈന്‍; ആളപായമോ നാശനഷ്ടമോ ഇല്ല
റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനം ലക്ഷ്യം വച്ചായിരുന്നു ആക്രമണം.
മോസ്‌കോ | റഷ്യയില്‍ യുക്രൈനിന്റെ ഡ്രോണ്‍ ആക്രമണം. യുക്രൈന്‍ വ്യാപക ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
ക്രെംലിന്റെ തെക്ക് ഭാഗത്ത് മൂന്നും ബ്രയാന്‍സ്‌ക് പ്രവിശ്യയുടെ അതിര്‍ത്തിയില്‍ 15ഉം ഡ്രോണ്‍ പതിച്ചതായാണ് വിവരം. റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനം ലക്ഷ്യം വച്ചായിരുന്നു ആക്രമണം. അതേസമയം, മോസ്‌കോയെ ലക്ഷ്യം വച്ച് തൊടുത്ത മൂന്ന് ഡ്രോണുകള്‍ പെഡോല്‍സ്‌ക് നഗരത്തില്‍ വെച്ച് തകര്‍ത്തതായി മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ വെളിപ്പെടുത്തി.
മോസ്‌കോയുമായി വടക്കന്‍ അതിര്‍ത്തി പങ്കിടുന്ന ടുള പ്രവിശ്യയില്‍ രണ്ട് ഡ്രോണുകള്‍ പതിച്ചു. ഒരു മിസൈല്‍ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ റോസ്‌തോവിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി ഗവര്‍ണര്‍ വാസിലി ഗൊലുബേവ് അറിയിച്ചു.