International
യുക്രൈന്‍-റഷ്യ വെടിനിര്‍ത്തല്‍; യു എസ്-റഷ്യ ചര്‍ച്ചകള്‍ക്ക് റിയാദില്‍ തുടക്കം
യുക്രൈന്‍, യു എസ് പ്രതിനിധികള്‍ തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് റഷ്യയുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.

റിയാദ് | റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് റഷ്യന്‍-അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച സഊദി തലസ്ഥനമായ റിയാദില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. യുക്രൈന്‍, യു എസ് പ്രതിനിധികള്‍ തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് റഷ്യയുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.
മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമം ശക്തമാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചകള്‍ പുതിയ വഴിത്തിരിവിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സ്വതന്ത്രമായ കപ്പല്‍ പാത പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 2023ല്‍ നിര്‍ത്തിവെച്ച കരിങ്കടല്‍ ധാന്യ കയറ്റുമതി കരാര്‍ പുനരാരംഭിക്കുമെന്ന് വൈറ്റ് ഹൗസും മോസ്‌കോയും വ്യക്തമാക്കിയിരുന്നു. റഷ്യയില്‍ നിന്ന് ക്രിമിയയിലേക്കുള്ള പാലം ഉക്രൈന്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ തകര്‍ത്തുവെന്ന് ആരോപിച്ചാണ് യുക്രൈനിലൂടെ കരിങ്കടല്‍ വഴി ലോകരാജ്യങ്ങളിലേക്ക് ധാന്യങ്ങള്‍ കയറ്റിയയക്കുന്ന കരാറില്‍ നിന്ന് റഷ്യ പിന്മാറിയത്. എന്നാല്‍, ധാന്യ ഇടപാട് നിര്‍ത്തിവെക്കാനുള്ള തീരുമാനവും ആക്രമണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് റഷ്യ പ്രതികരിച്ചത്. കരാറില്‍ നിന്നുള്ള റഷ്യയുടെ പിന്മാറ്റം ആഗോള ഭക്ഷ്യ സുരക്ഷയെ കനത്ത പ്രതിസന്ധിയിലാഴ്ത്തിയിരുന്നു.
റഷ്യയും യുക്രൈനുമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ധാന്യക്കയറ്റുമതി നടത്തിയിരുന്ന രാജ്യങ്ങള്‍. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം ആരംഭിച്ച ശേഷം കയറ്റുമതി ആറില്‍ ഒന്നായാണ് കുറഞ്ഞിട്ടുണ്ട്. കരാറില്‍ റഷ്യ ഒപ്പ്വെച്ചാല്‍ കരിങ്കടല്‍ മാര്‍ഗം ഇരുരാജ്യങ്ങളുടെയും കാര്‍ഷിക ഉത്പന്നങ്ങളുടെയും വളങ്ങളുടെയും കയറ്റുമതി വര്‍ധിപ്പിക്കാനും നിലവിലെ ആഗോള ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാനും കഴിയും.
ഇരു രാജ്യങ്ങളിലെയും ഊര്‍ജ, അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തലാക്കുക, കരിങ്കടലിലെ ആക്രമണങ്ങള്‍ നിര്‍ത്തുക എന്നിവയാണ് ചര്‍ച്ചകളിലെ പ്രധാന അജണ്ട. താത്ക്കാലിക വെടിനിര്‍ത്തലിനായി വ്യത്യസ്ത പദ്ധതികള്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇരുപക്ഷവും പരസ്പരം ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഊര്‍ജ, അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ താത്ക്കാലികമായി നിര്‍ത്താന്‍ റഷ്യയും യുക്രൈനും കഴിഞ്ഞാഴ്ച സമ്മതിച്ചിരുന്നു. എന്നാല്‍, ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഭാഗിക വെടിനിര്‍ത്തല്‍ എങ്ങനെ, എപ്പോള്‍ നടപ്പാക്കണം എന്ന കാര്യത്തില്‍ ഇന്നത്തെ ചര്‍ച്ചകളില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായി യുക്രൈന്‍ പ്രതിരോധ മന്ത്രി റുസ്റ്റെം ഉമെറോവിന്റെ നേതൃത്വത്തിലുള്ള സംഘവും വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സീനിയര്‍ ഡയറക്ടര്‍ ആന്‍ഡ്രൂ പീക്ക്, മുതിര്‍ന്ന സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍ മൈക്കല്‍ ആന്റണ്‍ എന്നിവരും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ ഏകദേശം അഞ്ച് മണിക്കൂര്‍ നീണ്ടതായി യുക്രൈന്‍ പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവ് പറഞ്ഞു. ഊര്‍ജ, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ യുക്രൈന്‍, യു എസ് പ്രതിനിധികള്‍ ചര്‍ച്ച ചെയ്തതായി മന്ത്രി പറഞ്ഞു.
റഷ്യന്‍ പാര്‍ലിമെന്റിന്റെ ഉപരിസഭയായ വിദേശകാര്യ കമ്മിറ്റിയുടെ ചെയര്‍മാനും മുന്‍ നയതന്ത്രജ്ഞനുമായ ഗ്രിഗറി കരസിനും ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഡയറക്ടറുടെ ഉപദേഷ്ടാവ് സെര്‍ജി ബെസെഡയുമാണ് ചര്‍ച്ചയില്‍ റഷ്യയെ പ്രതിനിധീകരിക്കുന്നത്.