Connect with us

International

യുക്രൈൻ- റഷ്യ യുദ്ധം; ഘട്ടംഘട്ടമായി വെടിനിർത്താം

ജിദ്ദാ ചർച്ചയിൽ നിർദേശവുമായി യു എസ് • നിർത്തിവെച്ച യു എസ് സഹായം പ്രതീക്ഷിച്ച് യുക്രൈൻ

Published

|

Last Updated

ജിദ്ദ | റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് വഴി തേടി സഊദി അറേബ്യയിലെ ജിദ്ദയിൽ യുക്രൈൻ- യു എസ് അധികൃതർ ചർച്ച നടത്തി. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ നടത്തിയ ചർച്ച പരസ്യ വാക്‌പോരിൽ പിരിഞ്ഞതിനു ശേഷം ഇതാദ്യമായാണ് യുക്രൈൻ- യു എസ് അധികൃതർ നേരിട്ട് ചർച്ച നടത്തുന്നത്. യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കൽ, അമേരിക്ക- യു കൈൻ ധാതു കരാർ എന്നിവയാണ് ചർച്ചയിൽ വിഷയമായത്.

ശാശ്വത യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് ആദ്യഘട്ടത്തിൽ 30 ദിവസത്തെ വെടിനിർത്തൽ കരാറാണ് യു എസ് മുന്നോട്ടുവെക്കുന്നത്. ഡ്രോൺ, മിസൈൽ ആക്രമണങ്ങളും കരിങ്കടലിലെ സൈനിക വിന്യാസവും ആദ്യഘട്ടത്തിൽ നിർത്തലാക്കാനാകും. എന്നാൽ റഷ്യ ഇതിന് സമ്മതിക്കുമോ എന്ന് വ്യക്തമല്ല. മാത്രമല്ല, ധാതു കരാറിൽ യുക്രൈൻ ഒപ്പുവെക്കുന്നതോടെ, അമേരിക്കൻ സൈനിക സഹായവും നിർത്തിവെച്ച സാമ്പത്തിക സഹായവുമാണ് അവർ വീണ്ടും പ്രതീക്ഷിക്കുന്നത്.

നിലവിൽ യു എസ് സൈനിക, സാമ്പത്തിക സഹായത്തിന് പുറമെ റഷ്യയെ സംബന്ധിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും അമേരിക്ക യുക്രൈന് കൈമാറുന്നില്ല.
കഴിഞ്ഞ ദിവസങ്ങളിലായി റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ യുക്രൈൻ നഗരങ്ങളിൽ വ്യാപക ആൾനാശവും മറ്റു നാശനഷ്ടങ്ങളും വിതച്ചിരുന്നു.
യുക്രൈനെ പ്രതിനിധീകരിച്ച് ചീഫ് ഓഫ് സ്റ്റാഫ് അൻഡ്രീ യെർമാകിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭാഗത്ത് നിന്ന് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക് വാൾട്ട്‌സ് എന്നിവരുടെ നേതൃത്വത്തിലുമുള്ള സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്.
യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി ജിദ്ദയിൽ എത്തിയെങ്കിലും യു എസ് സംഘവുമായുള്ള ചർച്ചയിൽ പങ്കെടുത്തില്ല. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സെലൻസ്‌കി സലാം പാലസിൽ കൂടിക്കാഴ്ച നടത്തി.
തന്റെ രാജ്യത്തിന്റെ പ്രതിസന്ധി പരിഹരിക്കുന്നത് സഊദിയുടെ നിർണായക ശ്രമങ്ങൾക്ക് സെലൻസ്‌കി നന്ദിയും അഭിനന്ദനവും അറിയിച്ചു.

---- facebook comment plugin here -----

Latest