International
യുക്രൈന്‍: പക്ഷം പിടിക്കാത്ത ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് സെര്‍ജി ലാവ്‌റോവ്
ഇന്ത്യയും റഷ്യയും സുഹൃത്തുക്കളും വിശ്വസ്തരായ പങ്കാളികളുമാണെന്നും ലാവ്‌റോവ്
ന്യൂഡല്‍ഹി | യുക്രൈന്‍ വിഷയത്തില്‍ പക്ഷം പിടിക്കാത്ത ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. ഇന്ത്യയുമായുള്ള തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിന് പ്രഥമ സ്ഥാനമാണ് റഷ്യ നല്‍കുന്നത്. ഇന്ത്യയും റഷ്യയും സുഹൃത്തുക്കളും വിശ്വസ്തരായ പങ്കാളികളുമാണെന്നും ലാവ്‌റോവ് പറഞ്ഞു. ഡൽഹി ഹെെദരാബാദ് ഹൗസിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
സുരക്ഷാ വെല്ലുവിളികളുടെ കാര്യത്തില്‍ ഇന്ത്യയെ എങ്ങനെ പിന്തുണയ്ക്കാനാകുമെന്ന ചോദ്യത്തിന്, പതിറ്റാണ്ടുകളായി ഇന്ത്യയുമായി തങ്ങള്‍ വികസിപ്പിച്ചെടുത്ത ബന്ധത്തിന്റെ സവിശേഷതയാണ് തങ്ങളുടെ സംഭാഷണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. സ്വാതന്ത്ര്യത്തിലും യഥാര്‍ത്ഥ ദേശീയ താല്‍പ്പര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇന്ത്യന്‍ വിദേശ നയങ്ങള്‍ എന്നും ലാവ്‌റോവ് പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരായ യുഎസ് സമ്മര്‍ദ്ദം ഇന്ത്യറഷ്യ ബന്ധത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് ഒരു സമ്മര്‍ദ്ദവും തങ്ങളുടെ പങ്കാളിത്തത്തെ ബാധിക്കില്ല എന്നായിരുന്നു ലാവ്റോവിൻെറ മറുപടി.
അതേസമയം, യുക്രൈനില്‍ നടന്നത് യുദ്ധമല്ല, സൈനിക നടപടികള്‍ മാത്രമാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അതില്‍ സാധാരണക്കാരെ ലക്ഷ്യമിട്ടിരുന്നില്ല. യുക്രൈനുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും ലാവ്‌റോവ് പറഞ്ഞു.
കൊവിഡ് മഹാമാരിയ്ക്കും ദുഷ്‌കരമായ അന്താരാഷ്ട്ര അന്തരീക്ഷത്തിനും ഇടയിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യോഗത്തില്‍ പറഞ്ഞു. പല മേഖലകളിലും ഞങ്ങള്‍ക്ക് ഉഭയകക്ഷി ബന്ധമുണ്ട്. നയതന്ത്രത്തിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യ എപ്പോഴും അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം വ്യാഴാഴ്ച ഇന്ത്യയിലെത്തിയത്. നയതന്ത്രപരമായും ഉക്രൈനുമായുള്ള യുദ്ധത്തിലും സെര്‍ജിയുടെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രാധാന്യത്തോടെയാണ് പരിഗണിക്കപ്പെടുന്നത്. അമേരിക്കയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും അദ്ദേഹത്തിന്റെ സന്ദര്‍ശനം ഉറ്റുനോക്കുന്നുണ്ട്.